യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിഹാം സെന്റ് ജോർജ് ഇടവക പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഭദ്രാസന പള്ളി പ്രതിപുരുഷയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭദ്രാസന സെക്രട്ടറി ആയി ബഹു അബിൻ ഊന്നുകല്ലിങ്കൽ കശീശ്ശയും ഭദ്രാസന ട്രഷറർ ആയി ശ്രീ ഷിബി ചേപ്പനത്തും വീണ്ടും ചുമതലയേറ്റു. ഭദ്രാസന വൈസ് പ്രസിഡണ്ടായി ബഹു എൽദോസ് കൗങ്ങംപിള്ളിൽ കശീശ്ശയും ജോയിൻറ് സെക്രട്ടറി ആയി ശ്രീ ബിജോയി ഏലിയാസും തിരഞ്ഞെടുത്തു. പുതുക്കിയ ഭദ്രാസന ബൈലോ പ്രകാരം യുകെ മേഖലയെ ആറു സോണുകളായി തിരിച്ച് 12 കൗൺസിലർമാരും 4 ഭക്ത സംഘടന വൈസ് പ്രസിഡൻറ്റുമാരും ഉൾപ്പെട്ട 25 അംഗ കൗൺസിലാണ് അഭിവന്ദ്യ തിരുമേനി അംഗീകരിച്ച് രൂപം നല്കിയിരിക്കുന്നത്.

ഭദ്രാസന ആസ്ഥാനം എന്ന ആവശ്യം മുറുകെ പിടിച്ചു കൊണ്ട് ആത്മീയമായും ഭൗതികമായും ഭദ്രാസനത്തിന്റെ ഉയർച്ചയെ മുൻനിർത്തിയുള്ള കാര്യങ്ങൾ പള്ളിപ്രതിപുരുഷയോഗത്തിൽ ചർച്ച ചെയ്യുകയും നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.