കാലാവസ്ഥാ വ്യതിയാനവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും വലിയ ചർച്ചയായി മാറിയ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഓസ്ട്രേലിയയിൽ തുടങ്ങി. എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പ്രകാരം പ്രതിപക്ഷത്തുള്ള ലേബർ പാർട്ടിക്കാണ് മുൻതൂക്കം. ആരെ 151 മെമ്പർമാരുടെ പ്രതിനിധി സഭയിലേക്ക് ലേബർ പാർട്ടിയുടെ 82 അംഗങ്ങളെത്തുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. നിലവിലെ ലിബറൽ കക്ഷികളുടെ സര്‍ക്കാർ വൻ തിരിച്ചടി നേരിടും.
ആകെ 77 സീറ്റുകളിലെ വിജയമാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ലിബറൽ കക്ഷികൾ സഖ്യം ചേർന്ന് നിലനിർത്തി വന്ന സർക്കാരാണ് അധികാരത്തിലുള്ളത്. ഇന്ന് രാത്രിയോടെയോ ഞായറാഴ്ച രാവിലെയോടെയോ ഫലം പൂർണമായി പുറത്തു വരും.
കഴിഞ്ഞ കുറെ വർഷങ്ങളിൽക്കിടയിൽ ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ ആശയശാസ്ത്രപരമായ ചർച്ചകൾ നടന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്ന് നിരീക്ഷകർ പറയുന്നു. താൻ നയിക്കുന്ന മിത വലത് ലിബറൽ ദേശീയ സഖ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെ മിതത്വം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാക്കാനാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ശ്രമിച്ചത്. ലേബർ പാർട്ടിയുടെ ബിൽ ഷോർട്ടനെതിരായ പ്രധാന വാദം വീണ്ടുവിചാരമില്ലാത്ത ചെലവുചെയ്യലിന് വഴി വെക്കുന്ന നയങ്ങൾ കൊണ്ടുനടക്കുന്നയാൾ എന്നായിരുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട പ്രചാരണ വിഷയം പാരിസ്ഥിതിക പ്രശ്നങ്ങളായിരുന്നു. ഈ രണ്ട് വിഷയങ്ങളിലും ഇരു പാർട്ടികളുടെയും സമീപനത്തിൽ വലിയ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു മെൽബണിലെ ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വിചാരകേന്ദ്രത്തിന്റെ ഡയറക്ടർ ഡാനിയൽ വുഡ്.
ഇക്കഴിഞ്ഞ വേനൽക്കാലത്തിൽ അടുത്തകാലത്തെ ഏറ്റവും കൊടിയ ചൂടാണ് ഓസ്ട്രേലിയയിൽ രേഖപ്പെടുത്തപ്പെട്ടത്. ഇത് ജനങ്ങളെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറെ ജാഗ്രതയുള്ളവരാക്കി മാറ്റിയിട്ടുണ്ട്. ഉഷ്ണതരംഗങ്ങളും വരൾച്ചയുമെല്ലാം ഓസ്ട്രേലിയ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. യുവാക്കൾ മിക്കവരും ഈ പാരിസ്ഥിതിക രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നവരാണ്.
ഭൂരിപക്ഷം ലഭിക്കുമെന്ന് ഇരുപാർട്ടികളും കരുതുന്നുണ്ട്. എങ്കിലും സഖ്യകക്ഷികളില്ലാതെ സർക്കാർ സ്ഥാപിക്കാനാകുമോയെന്ന കാര്യത്തിൽ രണ്ടുകൂട്ടരും സംശയത്തിലുമാണ്.
Leave a Reply