പറന്നുകൊണ്ടിരുന്ന പക്ഷികൾ പെട്ടെന്ന് താഴെ വീണ് പിടഞ്ഞ് ചാകുന്നു. മരത്തിലിരുന്ന പക്ഷികൾക്കും സമാന അവസ്ഥ. ഇതിന്റെ പിന്നിലെ കാരണമെന്തെന്ന് തേടുകയാണ് വിദഗ്ധർ. 60 ൽ അധികം കൊറെല്ലാ പക്ഷികളാണ് പറക്കുന്നതിനിടെ താഴെ വീണ് ചത്തത്. അഡ്‌ലെയ്ഡിലെ വണ്‍ ട്രീ ഹില്‍ പ്രൈമറി സ്കൂളിനു സമീപമാണ് പറക്കുന്നതിനിടെ തത്തകൾ കൂട്ടത്തോടെ ചത്തുവീണതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാരകമായ വിഷം പക്ഷികൾ കഴിച്ചുവെന്നാണു നിഗമനമെന്ന് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗം പറയുന്നു. അവശനിലയിൽ കണ്ടെത്തിയ ഒരു പക്ഷിയെ പോലും രക്ഷിക്കാൻ സാധിച്ചില്ലെന്ന് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗത്തിന്റെ സ്ഥാപക സാറാ കിങ് പറയുന്നു.
ഫിലിപ്പെൻസിലും മലേഷ്യയിലും ഇന്ത്യയിലെ മിസ്സോറാമിലും സമാനമായി പക്ഷികൾ ചത്തുവീഴുന്ന പ്രതിഭാസം ഇതിനു മുൻപ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ ഗ്രാമം അറിയപ്പെടുന്നത് തന്നെ പക്ഷികളുടെ ആത്മഹത്യാ താഴ്‌വര എന്ന പേരിലാണ്. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. മധുരയിലെ മംഗലക്കുടിയില്‍ 43 മയിലുകളെ ആയിരുന്നു ദുരൂഹ സാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം കലര്‍ത്തിയ ധാന്യമണികള്‍ കഴിച്ചാവാം ഇവ ചത്തെന്നായിരുന്നു നിഗമനം. പോസ്റ്റ്മോര്‍ട്ടത്തില്‍ ധാന്യമണികളിലുണ്ടായിരുന്ന വിഷമാണ് ഇവയുടെ മരണത്തിന് കാരണമാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു.
Leave a Reply