ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്രോയ്‌ഡൺ കസ്റ്റഡി സെന്ററിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ആയുധം നിർമ്മിച്ച കുറ്റത്തിന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്ന പ്രതി പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിന് ശേഷം പ്രതി സ്വയം വെടിവയ്ക്കുകയുണ്ടായി. ഇന്നലെ രാത്രി 2: 15ഓടെയാണ് സംഭവം നടന്നത്. തന്റെ വിരമിക്കലിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കസ്റ്റഡി സെന്ററിൽ വച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു. സഹപ്രവർത്തകന്റെ നിര്യാണത്തിൽ വളരെയധികം സങ്കടമുണ്ടെന്ന് മെറ്റ് പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയുണ്ടായി. ജനങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും കസ്റ്റഡി സെന്ററിൽ പുഷ് പാർച്ചന നടത്തി. ആയുധം കൈവശം വച്ചു പ്രതി എങ്ങനെയാണ് കസ്‌റ്റഡി സെന്ററിൽ കടന്നതെന്ന് വ്യക്തമല്ല. സംഭവത്തിൻെറ പൂർണ്ണവിവരങ്ങൾ ലഭ്യമല്ലെന്ന് മുൻ മെറ്റ് പോലീസ് സൂപ്രണ്ട് ലെറോയ് ലോഗൻ പറഞ്ഞു. ക്രോയിഡോണിലെ ഈ ഭയാനകമായ സംഭവം പോലീസ് സേനയെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. സമീപ പ്രദേശത്ത് ഒരു കട നടത്തുന്ന വ്യക്തി രാത്രി 2:30 ഓടെ സൈറണുകളുടെ ശബ്ദം കേട്ട് ഉയർന്നുവെന്ന് വെളിപ്പെടുത്തി. കൊല്ലപ്പെട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ സങ്കടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വാർത്ത തീർത്തും നിരാശകരമാണെന്ന് മെറ്റ് പോലീസ് ഫെഡറേഷൻ ചെയർമാൻ കെൻ മാർഷ് പറഞ്ഞു. ലണ്ടനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി മാർഷ് കൂട്ടിച്ചേർത്തു. സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക് ടിലേക്ക് (ഐഒപിസി) കേസ് റഫർ ചെയ്തിട്ടുണ്ട്.