ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനം ആവശ്യമില്ലായിരുന്നുവെന്ന് നാലിലൊന്ന് ബിരുദധാരികള്‍ അഭിപ്രായപ്പെടുന്നതായി പഠനം. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം മുടക്കേണ്ടതായി വന്നുവെന്നും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്‌സും സ്ഥാപനവും തെറ്റായിരുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിലൂടെ പണവും സമയവും നഷ്ടമായെന്ന് ഇവര്‍ പറയുന്നു. 2000 ബിരുദധാരികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി അപ്രന്റീസ്ഷിപ്പിലൂടെയോ ട്രെയിനിയായോ നേടാവുന്നതായിരുന്നുവെന്നും ഇവര്‍ പറഞ്ഞുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എന്നാല്‍ രക്ഷിതാക്കളില്‍ നിന്ന് അകന്ന് നിന്നതിലൂടെ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം പഠനകാലത്ത് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് ഇവരില് 93 ശതമാനം പേര്‍ പറഞ്ഞു. തങ്ങള്‍ നേടിയ ഡിഗ്രിക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കുകയും ചെയ്തു. ആവശ്യത്തിന് വരുമാനം ലഭിക്കാത്തതും വിദ്യാഭ്യാസത്തിന് അനുസൃതമല്ലാത്തതുമായ ജോലി ചെയ്യുന്നതിലൂടെ 18,000 പൗണ്ടിലേറെ കടത്തിലാണ് ബിരുദധാരികളെന്നും വ്യക്തമായിട്ടുണ്ട്.
ക്യൂബ് ലേണിംഗിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജോ ക്രോസ്ലി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജോലികള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ധാരണയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാനാണ് പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് ജോലികള്‍ ലഭിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ളവയല്ല അതെന്ന് വ്യക്തമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply