ചെന്നൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണവുമായി സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ. ഇതുപോലുള്ള സംഭവങ്ങൾ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണെങ്കിൽ ഇതെന്റെ ഇന്ത്യയല്ല എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള റഹ്മാന്റെ പ്രതികരണം. ‘ ഈ സംഭവത്തിൽ ഏറെ ദു:ഖിതനാണ് ഞാൻ. ഇത്തരം സംഭവങ്ങൾ രാജ്യത്ത് മേലിൽ ആവർത്തിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഇതെന്റെ ഇന്ത്യയായിരിക്കില്ല. എനിക്ക് എന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യവുമുള്ളതുമാവണം ‘ -റഹ്മാൻ പറഞ്ഞു.

വൺ ഹാർട്ട് : ദി എ.ആർ. റഹ്മാൻ കൻസേർട്ട് ഫിലിമിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ. പതിനാല് വടക്കന്‍ അമേരിക്കൻ നഗരങ്ങളിൽ റഹ്മാൻ നടത്തിയ സംഗീത പരിപാടികളും അഭിമുഖങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രമാണ് വൺ ഹാർട്ട്. റഹ്മാൻ എന്ന വ്യക്തിയുടെ ഏറെയൊന്നും അറിയപ്പെടാത്ത മുഖം വെളിവാക്കുന്ന ചിത്രമാണിത്. സെപ്റ്റംബർ അഞ്ചിന് രാത്രിയിലാണ് ഒരു സംഘം ഗൗരി ലങ്കേഷിനെ വീട്ടിൽ വച്ച് വെടിവെച്ചു കൊന്നത്. നിഷ്ഠൂരമായ ഈ കൊലപാതകത്തിനെതിരെ വന്‍പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.