റിയാദ് ∙ മലയാളിയെ തട്ടിക്കൊണ്ട്‌ പോയി മർദ്ദിച്ചവശനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം സൗദി പൊലീസ്‌ പിടികൂടി. റിയാദ്‌ ന്യൂ സനയ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി സനൽ കുമാർ പൊന്നപ്പൻ നായർക്കാണ്‌ ഈ ദുരനുഭവമുണ്ടായത്‌. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഭീതിയൊഴിയാതെ കഴിയുന്ന സനൽ സംഭവം വിശദീകരിക്കുന്നു:

വിദേശികളായ ആറംഗ അക്രമി സംഘം ന്യൂ സനയ്യയിൽ നിന്ന് തന്നെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കയ്യിലുണ്ടായിരുന്ന 3,500 റിയാൽ കവർന്ന ശേഷം കിലോമീറ്ററുകൾ അപ്പുറത്തുള്ള സൗദി ജർമൻ ആശുപത്രി പരിസരത്തുള്ള ഒരു ഹോട്ടലിലേക്ക്‌ കൊണ്ട്‌ പോയി അവിടെ വച്ച്‌ വിഡിയോ കോളിൽ ഭാര്യ ശ്രീകലയെ വിളിക്കാൻ ആവശ്യപ്പെട്ടു. മർദിക്കുന്ന ചിത്രം കാണിച്ച്‌‌ 70,000 റിയാൽ (പന്ത്രണ്ട്‌ ലക്ഷത്തിലധിക ഇന്ത്യൻ രൂപ) എത്തിച്ചാൽ മോചിപ്പിക്കാമെന്ന് ഭാര്യയെ ഇവർ അറിയിച്ചു. പണം നൽകിയില്ലെങ്കിൽ സനലിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നേരത്തെ റിയാദിലുണ്ടായിരുന്ന ഭാര്യ, കൈവശമുണ്ടായിരുന്ന സാമൂഹിക പ്രവർത്തകൻ ശിഹാബ്‌ കൊട്ടുകാടിന്റെ നമ്പറിൽ വിളിച്ച്‌ വിവരമറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒപ്പം സനൽ സുഹൃത്തുക്കൾക്ക്‌ അയച്ച്‌ കൊടുത്ത ഗൂഗിൾ ലൊക്കേഷനും കാര്യം എളുപ്പമാക്കി. വിഷയത്തിന്റെ ഗൗരവം ബോധ്യപെട്ട ശിഹാബ്‌ രാത്രി തന്നെ ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ചു. വെള്ളിയാഴ്ച പൊതു അവധിയായിരുന്നിട്ടും വെൽഫയർ കോൺസൽ ദേശ്ഭാട്ടി കാര്യങ്ങൾ ദ്രുതഗതിയിൽ നീക്കി. ഉദ്യോഗസ്ഥരായ റഈസുൽ അനാം, വിജയ്‌ കുമാർ സിങ് എന്നിവർ മുഖേന പൊലീസ്‌ സ്റ്റേഷനിലേക്കുള്ള പരാതി തയാറാക്കി. സഹാഫ പൊലീസ്‌ സ്റ്റേഷനിൽ സനലിന്റെ സുഹൃത്ത്‌ സെബാസ്റ്റ്യനും ഉൾപ്പെടെ ഷിഹാബും എംബസി ഉദ്യോഗസ്ഥരും പൊലീസ്‌ സ്റ്റേഷനിൽ പരാതി നൽകി. ഇന്റർനെറ്റ്‌ കോളിംഗിനിടെ ലഭിച്ച അക്രമണികളുടെ ചിത്രങ്ങൾ പൊലീസിന്‌ കൈമാറി. പണം 500 കി.മീറ്റർ അകലെയുള്ള ദമാമിൽ നിന്ന് ഒരാൾ എത്തിക്കുമെന്നും ഉദ്രവിക്കരുതെന്നും ഭാര്യ, ഷിഹാബ്‌ കൊട്ടുകാട്‌ പറഞ്ഞതനുസരിച്ച്‌ അക്രമികളോട്‌ അറിയിച്ചു.

ഇതിനിടെ ജിദ്ദ കോൺസൽ തന്നെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യപ്പെട്ട്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും എംപി ഹൈബി ഈഡനും നാട്ടിൽ പരാതി നൽകിയിരുന്നു. അംബാസഡർ ഔസാഫ്‌ സഈദും കേസിൽ ഇടപെട്ടു. സനലിന്റെ ഫോൺ ലൊക്കേഷൻ അനുസരിച്ച്‌ പൊലീസ്‌ ഞൊടിയിടയിൽ സംഭവസ്ഥലത്ത്‌ എത്തുകയും ഹോട്ടൽ വളഞ്ഞ്‌ പ്രതികളെ പൊക്കുകയുമായിരുന്നു. സനലിന്റെ ശരീരത്തിലാകമാനം ആക്രമികൾ ഉപദ്രവിച്ച പാടുകളുണ്ട്‌. വിദേശികളായ ആക്രമികളുടെ ലക്ഷ്യം പണമായിരുന്നെന്ന് ഷിഹാബ്‌ കൊട്ടുകാട്‌ പറഞ്ഞു. ശിഹാബ്‌ കൊട്ടുകാടിന്റെ ശ്രമഫലമായി ഇന്ത്യൻ എംബസിയുടെയും സൗദി പൊലീസിന്റെയും സമയോചിത ഇടപെടലാണ്‌ സനലിന്റെ മോചനത്തിനിടയാക്കിയത്‌.