റോബിൻ എബ്രഹാം ജോസഫ്

മലയാള സിനിമയിലെ ഭാവിയെ കണ്ടെത്താൻ, അവരെ പാകപ്പെടുത്താൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോട്ടയത്തുള്ള കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. എന്നാൽ സമീപകാലത്ത് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ സ്ഥാപനത്തിനും, കെ ആർ നാരായണൻ എന്ന അതുല്യ പ്രതിഭയുടെ പേരിനും കോട്ടംവരുത്തുന്നവയാണ്.

 

ഡയറക്ടർ സ്ഥാനത്തു ഇരുന്നുകൊണ്ട് അങ്ങേയറ്റം ഹീനമായ നടപടിക്രമങ്ങൾ കൈകൊള്ളുന്ന ശങ്കർ മോഹൻ തന്നെയാണ് ആ സ്ഥാപനത്തിന്റെ പേര് കളയുന്നതിൽ പ്രധാനി. മലയാള സിനിമയിലെ ഭാവിയെ വാർത്തെടുക്കാൻ നിയോഗികപ്പെട്ട ഒരു കൂട്ടം യുവജനങ്ങളെ ജാതീയമായും, ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടും ഇദ്ദേഹം നടത്തുന്ന ഇടപെടലുകൾ പരിശോധിക്കപ്പെടേണ്ടതാണ്. സംവരണം ആട്ടിമറിച്ചുകൊണ്ട് ജാതി ക്യാമ്പസ്സിനുള്ളിലേക്ക് പരസ്യമായി കൊണ്ടുവരുവാൻ ഈ മഹാൻ നടത്തുന്ന ഇടപെടലുകൾക്ക് അവസാനമുണ്ടാകണം.

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ഡയറക്ടർ, ആ പദവിക്ക് അനുയോജ്യൻ അല്ല. ധാർഷ്ട്യം തൊഴിലാളികളോടും വിദ്യാർത്ഥികളോടും അയാൾ വെച്ച് പുലർത്തുന്നതിൽ പ്രധാന കാരണം ജാതി തന്നെയാണ്. ഇൻസ്റ്റിറ്റ്യൂറ്റിലെ ക്ലീനിങ് സ്റ്റാഫിനെ കൊണ്ട്, കയ്യുറ ധരിക്കാതെ വീട്ടിലെ ബാത്റൂം വരെ ക്ലീൻ ചെയ്യിച്ച ശങ്കർ മോഹനെ തലസ്ഥാനത്തു നിന്ന് നീക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുപത്തിഒന്നാം നൂറ്റാണ്ടിലും കേരളത്തിലെ ഒരു ക്യാമ്പസ്സിൽ ജാതി മാനദണ്ഠമാക്കി പ്രവർത്തിക്കാൻ ഡയറക്ടർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ തയാറാകുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സ്വഭാവം വെച്ച് പുലർത്തുന്ന നാട് എന്ന നാം അഭിമാനിക്കുന്നതിനിടയിലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ അരങ്ങേറുന്നത് എന്നുള്ളത് വിസ്മരിച്ചുകൂടാ.

ഐ എഫ് എഫ് കെ വേദിയിലും ഡയറക്ടർ വിദ്യാർത്ഥികളോട് കാണിച്ച അനീതി ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ഫെസ്റ്റിവലിൽ താമസം നിഷേധിക്കുന്നത് എന്ത് വിരോധാഭാസമാണ്. എങ്കിലും, അവരോട് ഐക്യപ്പെടുവാൻ മലയാള സിനിമയിലെ യുവ തലമുറ ഉണ്ട് എന്നുള്ളത് പ്രതീക്ഷ പകരുന്നതാണ്. ജിയോ ബേബിയും, മഹേഷ്‌ നാരായണനും ഒക്കെ അവരുടെ സിനിമ പോലെ തന്നെ നിലപാടുള്ളവരാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു.

മുഖ്യധാര മാധ്യമം എന്ന ലേബൽ അവകാശപ്പെടുന്ന മാധ്യമങ്ങൾ ഇതിനോട് മുഖം തിരിച്ചുള്ള സമീപനമാണ് സ്വീകരിച്ചത് എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ജനാതിപത്യത്തിലെ നാലാം തൂൺ എന്ന വാദം ഉയർത്തുമ്പോൾ തന്നെ, ഇത്തരം വിഷയങ്ങളിൽ പാലിക്കുന്ന മൗനവും ചർച്ചചെയ്യപ്പെടണം. നട്ടെല്ല് പണയം വെക്കാത്ത ഏതാനും ചില മെയിൻസ്ട്രീം അല്ലാത്ത മാധ്യമങ്ങൾ മാത്രമാണ് വിഷയത്തെ ഗൗരവത്തോടെ സമീപിച്ചത്.

സമരങ്ങൾ അത്ര മോശം കാര്യം ഒന്നുമല്ല. നാം നേടിയെടുത്ത എല്ലാ അവകാശങ്ങളും നാളുകൾ നീണ്ടു നിന്ന പോരാട്ടത്തിലൂടെ തന്നെയാണ് സ്വന്തമാക്കിയത്. ഏതൊരു സമരത്തിനും ഒരു ലക്ഷ്യമുണ്ട്. സ്റ്റുഡന്റസ് കൗൺസിൽ നടത്തുന്ന സമരം ശങ്കർ മോഹൻ എന്ന ഡയറക്ടറെ നീക്കം ചെയ്യണം എന്ന ആവശ്യവുമായണ്. സർക്കാർ വിഷയത്തിൽ ഇടപ്പെട്ട് നീതി നടപ്പിലാക്കണം.

റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.