പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം…. ഇതാണ്
ഷിജി പിആർ എന്ന ഈ സ്റ്റാഫ് നഴ്സിനെ വ്യത്യസ്തയാക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി പ്രൈവറ്റ് ഹോസ്പിറ്റലിൽ പഠിച്ച സ്റ്റാഫ് നഴ്സുമാർക്ക് വോളന്ററി സർവീസ് എന്നൊരു സംവിധാനം ഉണ്ട്. ഒരുരൂപ പോലും ശമ്പളം ലഭിക്കില്ല എന്നുമാത്രമല്ല ഒരു വർഷക്കാലത്തേക്ക് നിശ്ചിതതുക സർക്കാരിലേക്ക് കെട്ടിവയ്ക്കുകയും വേണം. അങ്ങനെ സർവീസ് ചെയ്യാൻ വന്ന ബാച്ചിൽ ഉണ്ടായിരുന്നതാണ് ഷിജി. കോവിഡ് സ്പെഷ്യൽ ഡ്യൂട്ടി ആരംഭിക്കുന്ന സമയത്ത് ഇവരുടെ സേവനം അവസാനിക്കാൻ വെറും ദിവസങ്ങൾ മാത്രമാണ് ശേഷിച്ചിരുന്നത്.
കോവിഡ് വാർഡുകളിലേക്ക് പോസ്റ്റിംഗ് ഇടാൻ നേരം വോളന്ററി സർവീസുകാരോടും ഡ്യൂട്ടി എടുക്കുന്നോ എന്ന് ആരാഞ്ഞു.. എന്നാൽ മറ്റെല്ലാ വോളന്ററി സർവീസുകാരും പറ്റില്ല എന്നറിയിച്ചു. വീട്ടുകാർ സമ്മതിക്കുന്നില്ല എന്നും തങ്ങൾക്ക് ശമ്പളം ഒന്നും കിട്ടുന്നില്ലല്ലോ എന്നും ഒക്കെയാണ് അവർ പറഞ്ഞത്. അത് തികച്ചും ന്യായം തന്നെ.. അവരെ നിർബന്ധിക്കാനാകാത്തതിനാൽ ഒഴിവാക്കുകയും ചെയ്‌തു..
എന്നാൽ കൂട്ടത്തിൽ മെഡിക്കൽ ഐസുവിൽ ജോലി ചെയ്തിരുന്ന ഷിജി മാത്രം സന്നദ്ധത അറിയിച്ചു. പത്തുപൈസ പോലും ശമ്പളം ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടും നാടിനുവേണ്ടി ഈ റിസ്ക് ഏറ്റെടുക്കാൻ ഷിജി തയ്യാറായി. സ്വന്തം വീട്ടുകാരും മെഡിക്കൽ ഐസുവിലെ സഹപ്രവർത്തകരും ഷിജിക്ക് പൂർണ്ണപിന്തുണ നൽകി.
ജോലിക്കെത്താൻ ഷിജിക്ക് ദിവസവും നൂറോളം രൂപ പെട്രോൾ ചിലവുണ്ട്. തന്റെ വോളന്ററി സർവീസ് കാലാവധി കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു. എന്നിട്ടും സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഷിജി തൃശ്ശൂർ മെഡിക്കൽ കോളേജിലെ തന്റെ സേവനം തുടരുന്നു..
Leave a Reply