അപൂര്‍വ്വ ക്യാന്‍സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള്‍ വേണം. ഓസ്‌കാര്‍ സാക്‌സെല്‍ബി-ലീ എന്ന വോസ്റ്റര്‍ഷയര്‍ സ്വദേശിയായ ബാലന് ക്യാന്‍സറില്‍ നിന്ന രക്ഷനേടാന്‍ സ്‌റ്റെം സെല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമാണ് ഓസ്‌കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള്‍ ചേരുമോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള്‍ പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്‍ഡ് ഹാളില്‍ 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്.
മൂന്നു മാസത്തിനുള്ളില്‍ വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഓസ്‌കാര്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ പൂര്‍ണ്ണ രോഗമുക്തി നേടണമെ ങ്കില്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവു പോലെയുള്ള പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്‌സെല്‍ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്‍വ്വ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓസ്‌കാറിന് ചേരുന്ന സ്െറ്റം സെല്‍ ദാതാക്കളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ്‍ പ്രൈമറി സ്‌കൂളില്‍ നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു.
ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് 2200 ആളുകള്‍ മാത്രമായിരുന്നു. വൂസ്റ്റര്‍ഷയര്‍ എംപി റോബിന്‍ വോക്കര്‍, വൂസ്റ്റര്‍ മേയര്‍ ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില്‍ ഓരോ വര്‍ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില്‍ പകുതിയും കുട്ടികളാണ്.
Leave a Reply