ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്

പുതുമകൾ തേടുന്ന യോർക്ഷയറിലെ കീത്തിലി മലയാളി അസ്സോസിയേഷൻ്റെ (KMA) ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ഈസ്റ്റർ സ്കിറ്റ് “അമ്മ വിലാപം” ജനശ്രദ്ധ നേടുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് സാധാരണ അവതരിപ്പിക്കുന്ന സ്കിറ്റുകളിലധികവും കർത്താവിൻ്റെ ഉയിർപ്പാണ് ആധാരം. എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായി മിശിഹാ ഉയിർക്കുന്നതിന് മുമ്പ് കാൽവരിയുടെ നെറുകയിൽ നടന്ന സംഭവ കഥയുടെ ദൃശ്യാവിഷ്കാരമാണ് സിമ്പോളിക്കായി കീത്തിലി മലയാളി അസ്സോസിയേഷൻ അവതരിപ്പിച്ചത്.

സ്ത്രീയേ, ഇതാ നിൻ്റെ മകൻ എന്ന് മറിയത്തോടും, ഇതാ നിൻ്റെ അമ്മയെന്ന് യോഹന്നാനോടും ജീവൻ വെടിയുന്നതിന് തൊട്ട്മുമ്പുള്ള കർത്താവിൻ്റെ വാക്കുകൾ. അനന്തരം പടയാളികൾ ഈശോയുടെ തിരുശരീരം കുരിശ്ശിൽ നിന്നിറക്കി മാതാവിൻ്റെ മടിയിൽ കിടത്തി. ഈ രണ്ട് സംഭവങ്ങളെയും കോർത്തിണക്കി സംസാരമില്ലാതെ അവതരിപ്പിച്ച സ്കിറ്റാണ് ജനശ്രദ്ധ നേടുന്നത്. കർത്താവിനെ കുരിശിൽ നിന്നിറക്കുന്ന, അധികമാരും കാണാത്ത രംഗമായിരുന്നു സ്കിറ്റിന്റെ കാതലായ ഭാഗം. ആണികളിൽ നിന്നും കൈകൾ വേർപെടുത്തിയ കർത്താവിൻ്റെ തിരുശരീരം പടയാളികളിലൊരുവൻ്റെ തോളിലേയ്ക്ക് വീണത് ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. തുടർന്ന് പടയാളികൾ ചേതനയറ്റ മകനെ മാതാവിൻ്റെ മടിയിൽ കിടത്തി. മടിയിൽ കിടക്കുന്ന മകനെ മൗന ഭാഷയിൽ തലോടുമ്പോൾ മാതാവിൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇത് കണ്ടു നിന്ന പ്രേക്ഷകരുടെ കണ്ണുകളും നിറഞ്ഞൊഴുകി. മാതാവിൻ്റെ മടിയിൽ നിന്നും പടയാളികൾ കർത്താവിനെയെടുത്ത് വെള്ളക്കച്ചയിൽ പൊതിഞ്ഞ് കല്ലറയിലേയ്ക്ക് കൊണ്ടു പോകുന്ന രംഗം ഏതൊരു അമ്മമാരുടെയും ഹൃദയം നുറുങ്ങുന്നതായിരുന്നു.

കേവലം വെറുമൊരു സ്കിറ്റായിരുന്നെങ്കിലും അവതരണ ശൈലി കൊണ്ട് കാണികളും അഭിനേതാക്കളും അഭിനയത്തേക്കാളുപരി, നടന്ന ഒരു സംഭവത്തോടൊപ്പം ജീവിക്കുകയായിരുന്നു. കർത്താവ് ഉയിർത്തു എന്ന നഗ്ന സത്യം ലോകത്തിലുള്ള എല്ലാവർക്കുമറിയാം. എന്നാൽ കർത്താവിൻ്റെ അമ്മയുടെ ദു:ഖം എത്രമാത്രമെന്ന് ലോകത്തെയറിയ്ക്കാനാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് സ്കിറ്റിൻ്റെ സംവിധായകൻ സോജൻ മാത്യൂ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ലോക പ്രശസ്തനായ മൈക്കളാഞ്ചലോയുടെ “പിയാത്ത” എന്ന അത്ഭുതകരമായ കലാസൃഷ്ടിയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഇങ്ങനെയൊരു സൃഷ്ടി രൂപപ്പെട്ടതെന്ന് സോജൻ മാത്യൂ കൂട്ടിച്ചേർത്തു.

ഡോ. അഞ്ചു ഡാനിയേൽ, ഗോഡ്സൺ ആൻ്റോ, ജോയൽ ജേക്കബ്, തോമസ്സ് മാത്യൂ, നേഥൻ ജോസഫ് എന്നിവർ പ്രധാന വേഷമണിഞ്ഞു. രംഗപടം ഫെർണാണ്ടെസ് വർഗ്ഗീസും, റോബി ജോൺ, ബാബു സെബാസ്റ്റ്യൻ, പൊന്നച്ചൻ തോമസ്സ്, ടോം ജോസഫ് എന്നിവർ സാങ്കേതിക നിയന്ത്രണം നിർവ്വഹിച്ചു. നൂതന സാങ്കേതിക വിദ്യകളൊന്നുമില്ലാതെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവ കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് സംവിധായകൻ സോജൻ മാത്യുവും ടീമും അമ്മ വിലാപമെന്ന സ്കിറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

അമ്മ വിലാപം സ്ക്കിറ്റിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.