ഉമ്മയെന്ന സ്‌നേഹം മണ്ണോട് ചേരുമ്പോള്‍ പള്ളിക്കാടിന് വിളിപ്പാടകലെയുള്ള വീട്ടില്‍ മൂന്ന് വയസ്സുകാരിയുണ്ട്, വേര്‍പാടിന്റെ ആഴമറിയാതെ. അവളെ ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഷിബിലയുടെ സഹോദരിയും. കരിക്കുളം മദ്രസാഹാളിലെ ബെഞ്ചില്‍ വെള്ളപുതച്ചുകിടന്ന ഷിബിലയെ കണ്ട് കണ്ണീര്‍ വാര്‍ത്തവര്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു, കഴുത്തറത്ത യാസിറിനോട് ഷിബിലയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പ്. പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില ഇറങ്ങി, പക്ഷെ, കൊതിച്ചതൊന്നുമായിരുന്നില്ല പിന്നീടുള്ള ജീവിതം. യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിയായതോടെ പ്രതിസന്ധി കൂടി.
വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. നോമ്പ്കാലം കഴിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷ ചൊവ്വാഴ്ച അവസാനിച്ചു. നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്. താഴെവീണിട്ടും പക തീരാതെ വീണ്ടും വീണ്ടും ആഞ്ഞ് കുത്തിക്കൊന്നത്. തടയാന്‍ വന്ന ഷിബിലയുടെ രക്ഷിതാക്കളെ കുത്തിയത്. രക്തക്കറ പുരണ്ട വീടിന്റെ മതില്‍ കെട്ടിന് പുറത്ത് കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാരുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷിബിലയുടെ മൃതദേഹം ചികിത്സയില്‍ കഴിയുന്ന രക്ഷിതാക്കളെ കാണിച്ചു. വീട് പോലീസ് ബന്തവസ്സിലായിരുന്നതിനാല്‍ അയല്‍വീടിന്റെ ഉമ്മറത്തിരുന്ന് പ്രിയപ്പെട്ടവര്‍ അവള്‍ക്കായ് ദു അ ചൊല്ലി. മകളെ കണ്ട് കൊതിതീരും മുമ്പെ മഴയില്‍ അവള്‍ മണ്ണോട് ചേര്‍ന്നു.
Leave a Reply