ഒരുരാത്രികൊണ്ട് മൂന്ന് വളർത്തുപശുക്കളെ കൊന്ന് കേണിച്ചിറയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിത്താഴെ കിഴക്കയിൽ സാബുവിന്റെ വീടിനുസമീപത്ത് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കടുവയെ കണ്ടാൽ മയക്കുവെടിവെക്കാൻ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്. 10 വയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണിത്.

WhatsApp Image 2024-12-09 at 10.15.48 PM

നേരത്തെ ഒമ്പതുമണിയോടെ മാളിയേക്കല്‍ ബെന്നിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കടുവ എത്തിയിരുന്നു. തൊഴുത്തിലെത്തിയതിന്റെ ദൃശ്യം പുറത്തുവന്നു. പശുക്കളെ കൊന്ന അതേ തൊഴുത്തിലാണ് കടുവയെത്തിയത്. കടുവയ്ക്ക് അവശതയുള്ളതായി സംശയമുണ്ട്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടിലുള്ള ഒരു ആടിനെ ചത്തനിലയില്‍ കണ്ടെത്തി.