ഇടുക്കിയിലെ വണ്ടിപ്പെരിയാറിന് സമീപം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി പ്രസവിച്ചു. വള്ളക്കടവ് റെയിഞ്ചിൽ താമസിക്കുന്ന ബിന്ദു (24) വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബിന്ദു ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
ആംബുലൻസിൽ കുഞ്ഞിനെ മാത്രം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പായതോടെ വീണ്ടും മാതാവിനൊപ്പം തിരിച്ചെത്തിച്ചു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.
കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, മറ്റ് ആരോഗ്യ പ്രവർത്തകർ, വനം വകുപ്പ് ജീവനക്കാർ, അങ്കണവാടി അധ്യാപിക എന്നിവർ ചേർന്നാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. തുടർപരിചരണത്തിനായി കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .
Leave a Reply