അനധികൃത മദ്യവിൽപ്പന ചോദ്യം ചെയ്ത റിപ്പോർട്ടറെ ഒരു സംഘം ആളുകൾ ചേര്‍ന്ന് വെട്ടിക്കൊന്നു. തമിഴ്നാട് കുണ്ട്രത്തുറിലെ സോമഗംലത്താണ് ഞെട്ടിക്കുന്ന സംഭവം. തമിഴൻ ടിവി റിപ്പോര്‍ട്ടർ മോസസ് (26) കൊല്ലപ്പെട്ടത്. തന്‍റെ വീടിന് സമീപ പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമി ചിലർ ചേർന്ന് അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നത് മോസസ് ചോദ്യം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് നേരെ ആക്രമണം നടന്നത്.
തമിഴൻ ടിവിയുടെ ശ്രീപെരുമ്പദൂര്‍, കുണ്ട്രത്തുർ മേഖല റിപ്പോർട്ടറായിരുന്നു മോസസ്. ഇയാളുടെ പിതാവ് ജ്ഞാനരാജ് യേശുദാസനും മാധ്യമപ്രവർത്തകനാണ്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിലായിരുന്നു മോസസ് ആരോ വിളിച്ചതനുസരിച്ചാണ് പുറത്തേക്കിറങ്ങിയത്. സുഹൃത്തുക്കളെ കാണാൻ പോയതാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.
പൊലീസ് പറയുന്നതനുസരിച്ച് വീട്ടിന് സമീപത്തേക്കുള്ള ഒരു തടാകപ്രദേശത്തേക്കാണ് മോസസ് പോയത്. എന്നാൽ വീട്ടിൽ നിന്ന് ഏതാനും ചുവട് വച്ചപ്പോഴേക്കും കുറച്ചാളുകള്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച യുവാവ് വീട്ടിലേക്ക് തിരികെയോടാൻ ശ്രമിച്ചെങ്കിൽ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. മോസസിന്‍റെ കരച്ചിൽ കേട്ട് പിതാവും അയൽക്കാരും ഓടിയെത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടു.
ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ചിപുരം ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്‍റ് ഡി.ഷൺമുഖപ്രിയയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ തടാകത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ചില സാമൂഹിക വിരുദ്ധർ കയ്യേറ്റം നടത്തിയിരിക്കുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കൃത്രിമം നടത്തി ഈ ഭൂമി കച്ചവടം നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം.
ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് ഈ പ്രദേശത്തെ ചില അനധികൃത നിർമ്മാണങ്ങൾ തകർക്കുകയും പൊലീസ് ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു. പ്രദേശവാസികളെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് മാധ്യമപ്രവർത്തകരായ മോസസും പിതാവുമാണെന്നാണ് അക്രമികൾ വിശ്വസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഇതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply