സീറോ മലബാർ മെത്രാന്മാരുടെ ‘ആദ് ലിമിന’ സന്ദർശനം റോമിൽ ആരംഭിച്ചു

സീറോ മലബാർ മെത്രാന്മാരുടെ ‘ആദ് ലിമിന’ സന്ദർശനം റോമിൽ ആരംഭിച്ചു
October 04 15:59 2019 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

റോം: കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വർഷത്തിൽ ഒരിക്കൽ റോമിലെത്തി സഭയുടെ നെടുംതൂണുകളായ വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ പുണ്യകുടീരങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കുകയും വി. പത്രോസിന്റെ പിൻഗാമിയും സഭയുടെ പരമാധ്യക്ഷനുമായ മാർപാപ്പയെ സന്ദർശിച്ചു തങ്ങളുടെ രൂപതകളുടെ വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്ന ‘ആഡ് ലിമിന’ സന്ദർശനത്തിനായി സീറോ മലബാർ രൂപതയിലെ എല്ലാ മെത്രാന്മാരും ഇപ്പോൾ റോമിൽ എത്തിയിരിക്കുന്നു. ‘ആദ് ലിമിന അപ്പോസ്തോലോരും’ (അപ്പസ്തോലന്മാരുടെ പുണ്യകുടീരങ്ങളുടെ വാതിൽക്കൽ വരെ) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ സന്ദർശനത്തിൽ എല്ലാ രൂപതകളിലെയും ഔദ്യോഗിക ചുമതലയുള്ള മെത്രാന്മാരും സഹായ മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്.

സീറോ മലബാർ മെത്രാന്മാർ ഒരുമിച്ചു നടത്തുന്ന ഈ സന്ദർശനത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 51 മെത്രാന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഒക്ടോബര് മൂന്നിന് ആരംഭിച്ച് പതിനഞ്ചിന്‌ സന്ദർശനം ഔദ്യോഗികമായി സമാപിക്കും. സന്ദർശനനത്തിന്റെ പ്രാരംഭമായി വി. പത്രോസിൻറെ കബറിടത്തോട് ചേർന്നുള്ള ചാപ്പലിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മെത്രാന്മാർ വി. ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. വി. കുബാനയ്‌ക്കുശേഷം മെത്രാമാർ ഒരുമിച്ചു വി. പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുകയും മാർപാപ്പയെ സന്ദർശിക്കുകയും ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിൽ മെത്രാന്മാർ പൊതുവായും രൂപതാടിസ്ഥാനത്തിലും പരി. മാർപാപ്പയെ സന്ദർശിച്ചു സംസാരിക്കുകയും തങ്ങളുടെ രൂപതകളുടെ വിവരങ്ങൾ ധരിപ്പിക്കുകയും വത്തിക്കാൻ കൂരിയയിലെ 16 കാര്യാലയങ്ങൾ സന്ദർശിച്ചു റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും. കേരളത്തിൽ നിന്നുള്ള ലത്തീൻ, സീറോ മലങ്കര സഭകളിലെ മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പരി. ഫ്രാൻസിസ് മാർപാപ്പയെ നേരിട്ടുകണ്ടു മൂന്നു വർഷം പ്രായമായ രൂപതയുടെ പ്രവർത്തന റിപ്പോർട്ട് അദ്ദേഹം കൈമാറും. മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആദ്യ ‘ആദ് ലിമിന’ സന്ദർശനമാണിത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles