അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുറപ്പായതോടെ വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയവരെ ന്യൂയോര്‍ക്ക് പോലീസ് കൈയേറ്റം ചെയ്തു. ഇതിനിടയില്‍ പോലീസിന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ ദേവിന സംഗിനെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നും തന്നെ വലിച്ചു താഴെയിടുകയായിരുന്നു എന്നും ദേവിന പ്രതികരിച്ചു. ‘ട്രംപിനേയും പോലീസിനെയും ഫാസ്റ്റിസ്റ്റുകള്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു’, ദേവിന പറഞ്ഞു.

ട്രംപിനെതിരെ ആദ്യം ഡെമോക്രാറ്റ് പാര്‍ട്ടി അനുയായികളാണ് മാന്‍ഹാട്ടനില്‍ തെരുവിലിറങ്ങിയത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞതോടെ ഇടതുപാര്‍ട്ടി അംഗങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഈ ഗ്രൂപ്പുകള്‍. അതുവരെ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിടാന്‍ തുടങ്ങിയത് പൊടുന്നനെയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിടത്തൊക്കെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഉടന്‍ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പോലീസാണ് ആദ്യം പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തത്.

ഇതിനിടെ ദേവിന സിംഗ് പോലീസിന്റെ മുഖത്ത് തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ പോലീസ് യാതൊരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ദേവിന പറയുന്നു. “ഞാന്‍ 7th അവന്യൂവിലേക്ക് നടന്നു പോവുകയായിരുന്നു. ഇതിനിടെയാണ് സ്ട്രാറ്റജിക് റസ്‌പോണ്‍സ് ഗ്രൂപ്പിലെ ഒരാള്‍ ബൈക്ക് എന്റെ മേലേക്ക് ഇടിച്ചു കയറ്റിയത്. ഞാന്‍ താഴെ വീണു”, ദേവിന പറയുന്നു. നിലത്തു നിന്ന് എഴുന്നേറ്റയുടനെയാണ് ഇതിനെ ചൊല്ലി ദേവിനയും പോലീസുമായി തര്‍ക്കമുണ്ടാക്കുന്നത്. ‘ഫ** യു ഫാസിസ്റ്റ്’ എന്ന് ദേവിന വിളിക്കുന്നതായി കേള്‍ക്കാമെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ പറയുന്നു. ഇതിനു പിന്നാലെ ദേവിന പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.

“അയാളെന്നെ ബൈക്കുകള്‍ വച്ചിരുന്നിടത്തേക്ക് വലിച്ചിട്ടു. തല കുത്തിയാണ് ഞാന്‍ വീണത്. കാലുകള്‍ മുകളിലും. വീഴ്ചയില്‍ കൈകള്‍ കുത്തുകയും ചെയ്തു”, 24-കാരിയായ ദേവിന പറയുന്നു. തുടര്‍ന്ന് ദേവിന അടക്കമുള്ളവരെ പോലീസ് കൊണ്ടു പോയി. എന്നാല്‍ കൈകള്‍ക്ക് വേദന അനുഭവപ്പെട്ടതോടെ അശുപത്രിയിലാക്കി. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലാകുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷവും ദേവിനയെ മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വച്ചു. തുടര്‍ന്ന് പിറ്റേന്ന് രാവിലെയാണ് വിട്ടയച്ചത്. തുടര്‍ന്നും ഹാജരാകാന്‍ അവരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പെന്‍സില്‍വാനിയ സ്വദേശി എന്നാണ് ദേവിനയെ കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. മുമ്പ് ബാര്‍ ടെണ്ടറായി ജോലി ചെയ്തിരുന്ന ദേവിനയ്ക്ക് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ജോലിയും നഷ്ടമായിരുന്നു.

ഒടിഞ്ഞ കൈയുമായി ദേവിന സിംഗ്; പോലീസ് ദേവിനയെ വലിച്ചെറിയുന്ന ദൃശ്യം
പോലീസിന്റെ മുഖത്ത് തുപ്പിയ നടപടി ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെതിരായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ദേവിന പറയുന്നു. “പക്ഷേ, പോലീസിനെ ഫാസിസ്റ്റ് എന്നു വിളിച്ചതില്‍ ഞാന്‍ തരിമ്പും ഖേദിക്കുന്നില്ല. പോലീസ് വരുന്നതു വരെ അതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നു”, അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാതിനും കൈയേറ്റത്തിനുമാണ് അവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 27-ന് ബ്രൂക്ക്ലിനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനും സെപ്റ്റംബാര്‍ 18-ന് മാന്‍ഹാട്ടനില്‍ നടന്ന പ്രതിഷേധത്തിനിടെയും അവര്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.