ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ 2007 – 2009 ബാച്ചിലെ എംബിഎ വിദ്യാർത്ഥിയായ അരവിന്ദ് ശശികുമാർ ലണ്ടനിൽ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് അധ്യാപകരും പഴയ സഹപാഠികളും . ക്ലാസിലെ സൗമ്യ മുഖമായിരുന്നു അരവിന്ദ് എന്ന് സഹപാഠിയും നിലവിൽ മലപ്പുറത്ത് ഓർക്കിഡ് ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയും ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ മെർവിൻ ആൻറണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മാക് ഫാസ്റ്റിലെ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്. പഠനശേഷം അദ്ദേഹം ലണ്ടനിൽ വിവിധ ജോലികൾ ചെയ്യുകയായിരുന്നു . യുകെയിൽ തന്നെ തുടർച്ചയായി 10 വർഷം താമസിക്കുകയാണെങ്കിൽ പെർമനന്റ് വിസ ലഭിക്കുമെന്ന ആനുകൂല്യത്തിനായി അത് ലഭിച്ചതിനുശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു അരവിന്ദ് . തൻറെ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കയാണ് അവിവാഹിതനായ അരവിന്ദിനെ ദുരന്തം തേടിയെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് . ലണ്ടനിൽ പെക്കമിലെ അപ്പാർട്ട്മെന്റിൽ മറ്റ് 4 മലയാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അരവിന്ദ് 16 -ന് പുലർച്ചെ ഒരു മണിയ്ക്കാണ് കുത്തേറ്റ് മരിച്ചത്. കൂടെ താമസിക്കുന്ന വർക്കല സ്വദേശിയായ 20 വയസ്സുകാരനായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൂടെ താമസിച്ചിരുന്ന മറ്റ് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് . പ്രതിയായ യുവാവും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ആളാണ്.

ഇതിനിടെ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോട്ടിംഗ് ഹാമിൽ താമസിക്കുന്ന അരവിന്ദിൻറെ ഇളയ സഹോദരൻ ശേഖറും പെക്കമിലെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കളി ഇഷ്ടപ്പെട്ടിരുന്ന അരവിന്ദ് യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഒട്ടേറെ ജീവിത സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്ന അരവിന്ദിന്റെ ജീവൻ നിസ്സാര വാക്കു തർക്കങ്ങളെ തുടർന്ന് തകർന്നടിഞ്ഞതിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും .