മലയാളി നഴ്‌സുമാർക്ക് ഇത് നല്ലകാലം.. ജോലിക്കാരുടെ  കുറവ് പരിഹരിക്കാൻ അയർലണ്ടിലെ വർക്ക് പെർമിറ്റ് നിയമം പൊളിച്ചെഴുതിയപ്പോൾ നഴ്‌സുമാർക്കും ഷെഫുമാർക്കും നേട്ടം… മാറ്റങ്ങൾ അറിയുക

മലയാളി നഴ്‌സുമാർക്ക് ഇത് നല്ലകാലം.. ജോലിക്കാരുടെ  കുറവ് പരിഹരിക്കാൻ അയർലണ്ടിലെ വർക്ക് പെർമിറ്റ് നിയമം പൊളിച്ചെഴുതിയപ്പോൾ നഴ്‌സുമാർക്കും ഷെഫുമാർക്കും നേട്ടം… മാറ്റങ്ങൾ അറിയുക
December 18 18:07 2019 Print This Article

ഡബ്ലിന്‍: യുകെയിലേക്ക് കൂടുതൽ വിദേശ നഴ്‌സുമാരെ കൊണ്ടുവരും എന്ന അറിയിപ്പിന്‌ പിന്നാലെ അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്തുകള്‍ നടത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അയര്‍ലണ്ടില്‍ ജോലിയ്‌ക്കെത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ജനുവരി ഒന്നിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം പ്രാബല്യത്തില്‍ വരും എന്നാണ് അയർലണ്ടിലെ മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇന്ന് ഐറിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്‌സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്‌സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭിക്കും.

ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരുടെ സ്പൗസസിന് ജോലി ചെയ്യാനുള്ള തടസം, ഫാമിലിയെ കൊണ്ടുവരാന്‍ ഉണ്ടായിരുന്ന കാലതാമസം എന്നിവയെല്ലാം പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്‍ക്കും അയര്‍ലണ്ടില്‍ എത്താനാവും. പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ തടസവും സര്‍ക്കാര്‍ ഇല്ലാതാക്കി. അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും, കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാരുടെ സ്പൗസസിന് അയര്‍ലണ്ടിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്. എന്തായാലൂം മെഡിക്കൽ പഠനം നടത്തിയിട്ടുള്ളവരുടെ ജോലി അവസരങ്ങൾ കൂടുന്നു എന്നത് ഒരു യാഥാർത്യമാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles