കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശിയായ ബിബിൻ തോമസ് (34) അവധിക്കായി നാട്ടിലെത്തിയ സമയത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജർമനിയിലെ ബെർലിൻ നഗരത്തിൽ സ്വകാര്യ റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ബിബിൻ, ഒരു മാസം മുൻപ് ജനിച്ച ഇളയ മകളെ കാണാനാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെ മാമൂട്ടിലുള്ള ഭാര്യവീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയിരുന്നു . ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒൻപത് മാസം മുൻപാണ് ബിബിൻ ജോലി ലഭിച്ച് ജർമനിയിലേയ്ക്ക് പോയത്. കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ഒരു മാസത്തെ അവധി എടുത്ത് ഭാര്യ റീനയെയും മൂത്ത മകൻ റേബൽ (6)നെയും നവജാത ശിശുവിനെയും കാണാനെത്തുകയായിരുന്നു. അവധി അവസാനിച്ച് അടുത്ത ഞായറാഴ്ച മടക്കയാത്ര നിശ്ചയിച്ചിരിക്കെ ഉണ്ടായ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തി. ഇളയ മകളെ കാണുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത സന്തോഷ നിമിഷങ്ങൾക്കിടയിലായിരുന്നു ദുരന്തം.
നെടുംകുന്നം പുന്നവേലി ഇഞ്ചപ്പാറക്കൽ തോമസ് ജോൺ–അന്നമ്മ തോമസ് ദമ്പതികളുടെ ഇളയ മകനാണ് ബിബിൻ. ബോബിൻ തോമസ് ഏക സഹോദരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുന്നവേലി ലിറ്റിൽ ഫ്ലവർ സീറോ മലബാർ ചർച്ചിൽ നടക്കും. അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.











Leave a Reply