ആറ്റിങ്ങലിൽ പൊതുസ്ഥലത്ത് അശ്ലീല രീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു ഇവരുടെ വീഡിയോ ചിത്രീകരണം.
ഒടുവിൽ സഹികെട്ട് പ്രദേശവാസികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അർജുനാണ് അശ്ലീല രീതിയിൽ വസ്ത്രം ധരിച്ച് ബസ് സ്റ്റാൻഡ്, ചായക്കട തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം കറങ്ങി നടന്നത്. എല്ലായിടത്തുനിന്നും വീഡിയോയും പകർത്തി.
പോലീസിന് മുമ്പിലും കൂസലില്ലാതെ നടന്ന യുവാക്കൾ വിവരമന്വേഷിച്ചപ്പോൾ തങ്ങൾ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ചിത്രീകരിക്കുന്നതായും പറഞ്ഞു. ഇതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റിന് മുകളിൽ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് ഇരുവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.