ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ വർഷവും നിരവധി പുതിയ ഡ്രൈവർമാർ യുകെയിലെ നിരത്തുകളിൽ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. പുതിയതായി ഡ്രൈവിംഗ് ലൈസൻസ് പാസായി അപകടത്തിലാകുന്നവരുടെ എണ്ണം 1500ലധികം വരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ടെസ്റ്റ് ജയിച്ച് ഒരു വർഷത്തിനുള്ളിൽ ആണ് അപകടത്തിൽ പെടുന്നത്. ഇത് കൂടാതെ നിരവധി പുതുതലമുറ ഡ്രൈവർമാർക്ക് ഗുരുതരമായി വാഹനാപകടത്തിൽ പരിക്കേൽക്കുകയും ചെയ്യുന്നുമുണ്ട്.
യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടി ചാരിറ്റി പറഞ്ഞു.
2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് ട്രാൻസ്പോർട്ട് മേധാവികൾ പറഞ്ഞു.
അടുത്തയിടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച് വെറും അഞ്ചാഴ്ചകൾക്ക് ശേഷം അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തിയത് വൻ വാർത്തയായിരുന്നു. എഡ്വേർഡ് സ്പെൻസർ എന്ന 19 കാരനാണ് ഈ സംഭവത്തിൽ വിചാരണ നേരിടുന്നത്. ഡ്രൈവർമാർ കാർ അശ്രദ്ധമായി ഓടിച്ചാൽ സംഭവിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ എന്താണെന്നതിന് ഉത്തമോദാഹരണമാണ് പ്രസ്തുത സംഭവം എന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിലിൽ ചിപ്പിംഗ് കാംപ്‌ഡനും ഷിപ്പ്‌സ്റ്റൺ-ഓൺ-സ്റ്റോറിനും ഇടയിലാണ് സംഭവം നടന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിനും മറ്റ് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വാർവിക്ക് ക്രൗൺ കോടതിയിൽ ഇയാൾ വിചാരണ നേരിടുന്നത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌പെൻസറിന് തൻ്റെ ഫോർഡ് ഫിയസ്റ്റയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി വാർവിക്ഷയർ പോലീസ് പറഞ്ഞു. സ്‌പെൻസറിൻ്റെ കാറിലെ യാത്രക്കാരായ ഗ്ലൗസെസ്റ്റർഷെയറിലെ ചിപ്പിംഗ് കാംപ്‌ഡൻ സ്‌കൂളിലെ സഹ വിദ്യാർത്ഥികളായ ഹാരി പർസെൽ (17), ടില്ലി സെക്കോംബ് (16), ഫ്രാങ്ക് വോർമാൽഡ് (16) എന്നിവർ പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയും രണ്ട് കൊച്ചുകുട്ടികളും ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
Leave a Reply