ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുതിച്ചുയരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസമേകാനുള്ള പദ്ധതികളുമായി ചാൻസലർ റിഷി സുനക്. വാം ഹോം ഡിസ്‌കൗണ്ട് പദ്ധതിയിൽ വർധന വരുത്തി കുടുംബങ്ങളെ പിന്തുണയ്ക്കാനാണ് ചാൻസലർ ശ്രമിക്കുന്നത്. ശരത്കാലത്തിലെ പൊതുവായ നികുതിയിളവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ജൂലൈയിൽ എനർജി ബില്ലുകളെ നേരിടാൻ ഒരു പ്രത്യേക പാക്കേജ് ചാൻസലർ അവതരിപ്പിക്കുമെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും സാധാരണക്കാരായ മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ക്ക് ഒക്ടോബറിലെ ബില്ലുകളില്‍ 150 പൗണ്ട് കിഴിവ് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് ഒറ്റത്തവണ കിഴിവായി 300 പൗണ്ട്, 500 പൗണ്ട്, 600 പൗണ്ട് എന്നിങ്ങനെ കുറയ്ക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്.

1 ബില്ല്യണ്‍ പൗണ്ടിലേറെ അധിക ചെലവ് വരുന്നത് സര്‍ക്കാര്‍ നേരിട്ട് ഫണ്ട് ചെയ്യും. ഇത് എനര്‍ജി ബില്ലുകള്‍ വഴി തിരിച്ചുപിടിക്കില്ല. വാം ഹോം ഡിസ്‌കൗണ്ട് പദ്ധതി ഒക്ടോബറിൽ പുനരാരംഭിക്കും. ബില്ലുകളില്‍ നൽകുന്ന കിഴിവ് 140 പൗണ്ടിൽ നിന്നും 150 പൗണ്ട് ആയി ജൂലൈയിൽ ഉയർത്തും. എനർജി റെഗുലേറ്റർ ഓഫ്‌ജെം കഴിഞ്ഞ മാസം വില പരിധി 700 പൗണ്ട് വർദ്ധിപ്പിച്ചതിന് ശേഷമാണ് വാം ഹോം ഡിസ്‌കൗണ്ട് സ്കീമിൽ വർധന വരുത്താൻ തീരുമാനമുണ്ടായത്.

ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ചാന്‍സലര്‍ ഇടപെടണമെന്ന ആവശ്യം ടോറി എംപിമാര്‍ ശക്തമാക്കിയിരുന്നു.