കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസം അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘ആടൈ’ തിയേറ്ററുകളില്‍ എത്തി. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രം അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ‘കാമിനി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ആടൈ’യുടെ രണ്ട് മിനിറ്റ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള സ്‌നീക് പീക്ക് പുറത്തു വിട്ടിരിക്കുകയാണ് മൂവീ ബഫ്.

സ്‌നീക് പീക്കില്‍ വിവസ്ത്രയായി ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ചിരിക്കുന്ന അമലയെയാണ് കാണാന്‍ കഴിയുക. താന്‍ എവിടെയാണെന്ന് അറിയാതെയോ മറ്റോ നടക്കുന്ന കഥപാത്രം. വീഡിയോയ്ക്ക് താഴെ ചിത്രത്തെ കുറിച്ച് നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. മികച്ച ചിത്രം എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ‘Arrogant, Audacious and Artistic’ എന്നീ വാക്കുകളും പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്തിരുന്നു.സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച സമയത്താണ് ആടൈ തന്നെ തേടി എത്തിയത് എന്ന് അമല പോൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

“സിനിമ വിടണമെന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് ‘ആടൈ’ തേടിയെത്തിയത്. നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്നും പറഞ്ഞ് നിരവധി സംവിധായകർ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാൽ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോൾ ആ ചിത്രത്തിന്റെ കഥയുമായി ഞാൻ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമലയുടെ വാക്കുകൾ.

“പൂർണ്ണമായും ഒരു പരീക്ഷണമായിരുന്നു ‘ആടൈ’ എനിക്ക്. ഒരു നായികയും അത്തരമൊരു വേഷം ചെയ്യാൻ ധൈര്യപ്പെട്ടെന്നു വരില്ല,” ചിത്രത്തെ കുറിച്ച് അമല ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പ്രതികരിച്ചു. രത്ന കുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ വിവാദപരമായ രംഗവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിനെയും ഷൂട്ടിംഗ് ക്രൂവിനെയും താൻ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ആ സീനിൽ താൻ അഭിനയിക്കുകയില്ലായിരുന്നുവെന്നാണ് ചിത്രത്തിലെ രംഗത്തെ കുറിച്ച് അമല പറയുന്നത്. “എനിക്ക് ഒരേസമയം ടെൻഷനും അസ്വസ്ഥതയും തോന്നി. സെറ്റിൽ 15 ടെക്നീഷൻമാരോളം ഉണ്ടായിരുന്നു. ആളുകൾ നമ്മളെ തെറ്റിദ്ധരിച്ചാലും ‘ആടൈ’ ഒരു സത്യസന്ധമായ ശ്രമമാണ്,” അമല പറഞ്ഞു.

വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.