ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്ന ആധാര്‍ പേ സംവിധാനം നിലവിലെത്തി. ഇതിനായുള്ള ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ബയോമെട്രിക് സ്‌കാനിങ്ങിലൂടെ ഡെബിറ്റ്, കാര്‍ഡ് പണമിടപാടുകള്‍ സാധ്യമാക്കുന്നതാണ് ഈ സംവിധാനം. ആളുകളുടെ വിരലടയാളമോ, കണ്ണോ സ്‌കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ് ആന്‍ഡ്രോയിഡ് ആപ്പിന്റെ പ്രവര്‍ത്തനം.
ആധാര്‍ പേയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്ക് നല്‍കാന്‍ ഇതിലൂടെ സാധിക്കില്ല. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും സ്മാര്‍ട്ട്‌ഫോണുകളും അത്ര പ്രചാരത്തിലില്ലാത്ത ഗ്രാമീണര്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാന്‍ ആപ്പ് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ബയോമെട്രിക് സ്‌കാനറുമായോ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായോ കണക്ട് ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ഇത് ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നവര്‍ ആധാര്‍ കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ മതിയാകും. ഇവ ആപ്പില്‍ നല്‍കിയശേഷം വിരലടയാളം സ്‌കാന്‍ ചെയ്താല്‍ ഇടപാട് നടക്കും.