അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിനെ മോഷണക്കേസ് പ്രതിയാക്കി മുഖ്യധാരാ മാധ്യമങ്ങള്‍. പോലീസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി മരിച്ചുവെന്നാണ് മാതൃഭൂമി പത്രത്തിലെ വാര്‍ത്ത. മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചുവെന്ന് മലയാള മനോരമയും എഴുതുന്നു. വനാതിര്‍ത്തിയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് മറ്റു ചില മാധ്യമങ്ങളിലെ വാര്‍ത്ത.
അഗളിയില്‍ മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മധു (27) എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അവശനായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പോലീസ് വാഹനത്തില്‍ വെച്ച് ഒന്നിലേറെത്തവണ മധു ഛര്‍ദ്ദിച്ചിരുന്നെന്നും വിവരമുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് മധുവിനെ തടഞ്ഞുവെക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും വീഡിയോയും മര്‍ദ്ദിക്കുന്നതിനിടയില്‍ എടുത്ത സെല്‍ഫികളും പുറത്തു വന്നിട്ടുണ്ട്.
മധുവിന്റെ മൃതദേഹം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിനു മുമ്പ് മധു പോലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അഗളി പോലീസ് അറിയിച്ചു.
Leave a Reply