അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണ അടിക്കടി വിലത്തകര്‍ച്ച നേരിട്ട് സമീപകാലത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തുകയും അനുദിനം പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിക്കുന്ന വിരുദ്ധ പ്രതിഭാസമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ദേശ വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അസംസ്‌കൃത എണ്ണ വില സമീപകാലത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടും വില്‍പന വിലയുടെ അന്‍പത് ശതമാനത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നികുതിയായി ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആസൂത്രിതമായി തകര്‍ത്ത നടപടിയില്‍ നിന്ന് കരകയറാനാവാതെ ഉഴലുന്ന കേന്ദ്ര സര്‍ക്കാര്‍ അന്യായമായി പിരിച്ചെടുക്കുന്ന നികുതി വരുമാനം വഴി നിത്യനിദാനം നടത്താമെന്ന് കരുതുന്നത് ആശാസ്യമല്ല. ചെയ്ത് പോയ തെറ്റ് ജനങ്ങള്‍ക്ക് മുന്‍പില്‍ ഏറ്റ് പറഞ്ഞ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് അടിയന്തിരമായി ആരായേണ്ടത്. വസ്തുതകളെ കണ്ടില്ലെന്ന് നടിച്ച് പെട്രോളടിക്കുന്നവരെയെല്ലാം പണക്കാരാണ് എന്ന മട്ടില്‍ കേന്ദ്ര മന്ത്രിമാര്‍ പോലും പ്രസ്ഥാവനയിറക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്.
കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ മാറിയതായി അധ്യക്ഷത വഹിച്ച സംസ്ഥാന കണ്‍വീനര്‍ അഡ്വ.സി.ആര്‍.നീലകണ്ഠന്‍ വിലയിരുത്തി. ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സെപ്തംബര്‍ 22 ന് തുടക്കം കുറിക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചു.
22ന് ആരംഭിക്കുന്ന സമരം 30 ആം തീയതി വരെ വിവിധ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. സമര സമാപനത്തോടനുബന്ധിച്ച് ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കാര്‍ത്തികേയന്‍ ദാമോദരന്‍, ഷൈബു മഠത്തില്‍, കെ.എസ്.പത്മകുമാര്‍, ജാഫര്‍ അത്തോളി, വി.പി.സൈതലവി എന്നിവര്‍ പങ്കെടുത്തു.
Leave a Reply