ബിജെപി നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയയാറാകണമെന്ന് ആംആദ്മി പാര്‍ട്ടി. ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി താന്‍ ബി.ജെ.പിയിലെ സമുന്നത നേതാവിന് 5കോടി 60 ലക്ഷം രൂപ കൊടുത്തു എന്ന് മെഡിക്കല്‍ കോളേജ് ഉടമ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഴിമതി പണം ഒഴുകിയത് സംസ്ഥാന നേതാവായ എം.ടി രമേശിലൂടെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഴിമതി സംബന്ധിച്ച് ഉടന്‍ തന്നെ അനേഷണം ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് കള്ളപ്പണം കണ്ടുകെട്ടും എന്ന് വീമ്പടിച്ച് നോട്ട്പിന്‍വലിച്ചു കൊണ്ട് ഇന്ത്യക്കാരെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഭരണം ഇല്ലാതിരുന്നിട്ടും കേരളത്തില്‍ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി നടത്തി എന്ന വിവരം പുറത്ത് വന്നതോടുകൂടി ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുഖമൂടി അഴിഞ്ഞു വീണിരിക്കുന്നു. ഇത്തരത്തില്‍ എത്ര അധികം അഴിമതികള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതാണുള്ളത്.

പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അഴിമതി പാര്‍ട്ടിക്കകത്ത് മാത്രം അന്വേഷിച്ച് തീര്‍പ്പാക്കേണ്ടതാണെന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ പലപ്പോഴും അത്തരം നിലപാടാണ് എടുത്തത് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പി ശശിയുടെ കാര്യത്തിലും ഏറ്റവും ഒടുവില്‍ എം.എം മണിയുടെ കാര്യത്തിലും പൊതു സമൂഹത്തോട് ചെയ്ത അനീതിക്ക് പാര്‍ട്ടി തലത്തില്‍ ശാസനയോ നടപടിയോ എടുത്തു എന്നത് കൊണ്ടു് കാര്യം അവസാനിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇടപെട്ട ആളുകളെ അത്തരത്തില്‍ കേവലം പാര്‍ട്ടി നടപടിയില്‍ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്.ഈ സാഹചര്യത്തില്‍ അതേ വാദം ഉന്നയിക്കുകയാണ് ബി.ജെ.പി എന്നോര്‍ക്കുക.

അഴിമതി സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. അതിന് ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരവും അഴിമതി നിരോധനനിയമ പ്രകാരവും രാഷ്ട്രിയ നേതാക്കള്‍ ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ആര്‍ജവം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നതാണ്.