ഒട്ടനവധി മനുഷ്യരുടെ ജീവനും ജീവനോപാധികളും നഷ്ടപ്പെടാനും കോടിക്കണക്കിനു രൂപയുടെ സമ്പത്തിനു നാശം സംഭവിക്കാനും കാരണമായ ഓഖി ദുരന്തത്തെ നേരിടുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു അന്വേഷണം നടത്തണമെന്നു ആം ആദ്മി പാര്‍ട്ടി. ദുരന്തത്തിന്റെ രൂക്ഷത ഇത്രയേറെ വര്‍ധിപ്പിക്കാന്‍ കാരണമായത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നതിനാല്‍ അവരുടെ നഷ്ടങ്ങള്‍ പൂര്‍ണമായി നികത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മരിച്ചവരെല്ലാം അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായുള്ളവരാണ്. ആ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. മരിച്ചവരുടെ കുടുംബങ്ങളിലുള്ള യുവതീയുവാക്കളില്‍ ഒരാള്‍ക്കെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു സര്‍ക്കാര്‍ ജോലി നല്‍കുക. മരിച്ച ഒരാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക. മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അത് പരിഹരിക്കാന്‍ ആവശ്യമായ തുക നല്‍കുക.
ദുരന്തനിവാരണവകുപ്പ് തന്നെ ഒരു ദുരന്തമായതിന്റെ ഫലമാണ് ഈ നാശനഷ്ടങ്ങള്‍ എന്ന് ആം ആദ്മി പാര്‍ട്ടി അഭിപ്രായപ്പെടുന്നു. ആയിരക്കണക്കിന് കോടി രൂപ ലഭിച്ചിട്ടും ജനങ്ങള്‍ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് വ്യക്തമാണ്. ദുരന്തനിവാരണത്തിനായി ലഭിച്ച തുകയുടെ നാമമാത്രമായ പങ്കു മാത്രമാണ് ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടുള്ളത്. അതും കെട്ടിടനിര്‍മാണത്തിനു വേണ്ടി മാത്രം. ദുരന്തനിവാരണ അതോറിറ്റിയില്‍ യോഗ്യതയുള്ള ഒരു വിദഗ്ധനെപ്പോലും നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥാമാറ്റമടക്കമുള്ള സത്യങ്ങള്‍ മുന്നിലുണ്ടായിട്ടും കേന്ദ്രനിയമമനുസരിച്ചുള്ള ഹ്രസ്വകാല ദീര്‍ഘകാല ആസൂത്രണം നടത്താണ് വേണ്ട ശേഷി ഈ സ്ഥാപനത്തിന് ഇപ്പോഴില്ല.
ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയാനും അതിന്റെ ആഘാതം പരമാവധി കുറക്കാനും കഴിയും വിധത്തില്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി അതോറിറ്റി ശക്തിപ്പെടുത്തണമെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഒന്നിലേറെ സംസ്ഥാനങ്ങളെ രൂക്ഷമായി ബാധിച്ച ദുരന്തമെന്ന രീതിയില്‍ കണ്ടുകൊണ്ട് നോകിയെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
Leave a Reply