മാഞ്ഞാലി വ്യാകുല മാതാ പള്ളി തൊട്ട് വഴിയില്‍ പണിതുയര്‍ത്തിയിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീതിരഹിത നിയമവിരുദ്ധ മതില്‍ 48 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് മാഞ്ഞാലി സമരപ്പന്തലില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടും പള്ളി അധികാരികളോടും ആവശ്യപ്പെട്ടു. ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ജമീല അബ്ദുല്‍കരീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ജനകീയ കണ്‍വെന്‍ഷനിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കണ്‍വെന്‍ഷനില്‍ സമരസമിതി കണ്‍വീനര്‍ ഷാമോന്‍ അധ്യക്ഷത വഹിച്ചു.
നിയമവിരുദ്ധമായ മതില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന, ആള്‍ക്കാരെ ദ്രോഹിക്കുന്ന മതില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും നീതിക്കും എതിരാണെന്നും അതുകൊണ്ടുതന്നെ വ്യാകുലമാതാവ് കൂടുതല്‍ വ്യാകുലം ആയിരിക്കുന്നു എന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി നേതാക്കള്‍ സംസാരിച്ചു. എന്‍.എ.പി.എം നേതാവ് കുസുമം ജോസഫ്, ദേശീയപാത സമരസമിതി നേതാവ് ഹാഷിംചേന്നംപിള്ളി, ആം ആദ്മി പാര്‍ട്ടി വൈപ്പിന്‍ മേഖല കണ്‍വീനര്‍ അഡ്വ. സിസിലി, സിപിഐഎംഎല്‍ നേതാവ്ശ്രീ സുബ്രഹ്മണ്യം, സേവ് അവര്‍ സിസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീ തങ്കച്ചന്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയുടെ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കലാക്ഷേത്രയിലെ ജലജ തയ്യാറാക്കിയ ശ്രീമതി ജമീലാ അബ്ദുള്‍ കരീമിന്റെ ഛായാചിത്രം സമ്മേളത്തില്‍ പ്രകാശനം ചെയ്തു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി വഴി അടക്കപ്പെട്ട തെരുവില്‍ നിന്നുകൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്. സമര പ്രഖ്യാപനത്തിന്റ സന്ദേശം അഡ്വക്കേറ്റ് പി ജെ മാനുവല്‍ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയ സമ്മേളനം അധികൃതര്‍ക്കും പള്ളി അധികാരികള്‍ക്കും ശക്തമായ സൂചനയാണ് നല്‍കിയത്. 48 മണിക്കൂറിനകം ആ മതില്‍ പൊളിച്ചുമാറ്റണമെന്നും വഴിനടക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്‍കണമെന്നും അവിടെ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, എറണാകുളം പാര്‍ലിമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലി, എന്‍ എസ് ഷംസുദ്ധീന്‍, യു പി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply