ഡല്‍ഹി പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലും നടക്കുന്ന അഴിമതിയില്‍ ബ്യൂറോക്രസിക്കെതിരെ ആംദ്മി പാര്‍ട്ടി രംഗത്ത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പി പുറത്തിറക്കി. പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലും നടമാടുന്ന ക്രമക്കേടുകളെ കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഈ ഗുരുതരമായ അഴിമതിക്ക് എതിരെ അന്വേഷണം നടത്താന്‍ അനുകൂലിക്കുന്നതിന് പകരം ചീഫ് സെക്രട്ടറിയും അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും പരാതി കമ്മിറ്റി റിപ്പോര്‍ട്ടിനെ ഡല്‍ഹി ഹൈക്കോടതിയില്‍ വെല്ലുവിളിക്കുന്ന നടപടിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഡല്‍ഹി നിയമസഭക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഈ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നു.
അഴിമതി കേസില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഈ ഓഫീസര്‍മാരെ സംരക്ഷിക്കാന്‍, ഹാജരാകുന്ന വക്കീലന്മാര്‍ക്ക് പൊതു ഖജനാവില്‍ നിന്നും ഭീമമായ തുക നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നും വ്യക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം 2017 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഡല്‍ഹിയിലെ പരിധിയില്‍ വരുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും നൂറിലധികം ഓടകള്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി സന്ദര്‍ശിച്ചിരുന്നു.
ഒരു മുന്നറിയിപ്പും നല്‍കാതെയുള്ള ഈ സ്ഥല സന്ദര്‍ശനത്തില്‍പൊതു മരാമത്ത് വകുപ്പിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പരാതി കമ്മിറ്റി അംഗങ്ങളൊടൊപ്പം ഉണ്ടായിരുന്നു. ഓടകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെയും ഡല്‍ഹി ഹൈക്കോടതി മുമ്പാകെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും
സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടുകളും കെട്ടിചമച്ചതും യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതാണെന്നും കണ്ടെത്തിയിരിക്കുന്നു. നൂറുശതമാനം ചെളിയും വാരി വൃത്തിയാക്കി എന്ന് കാണിച്ച ഓടകള്‍ ചണ്ടിയും ചെളിയും നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ആഴത്തില്‍ വേരോടിയ ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സിനോടും ആന്റി കറപ്ഷന്‍ ബ്യൂറോയോടും നിയമസഭാ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും വിജിലന്‍സ് വകുപ്പിന്റെയും തലവനായ ലഫ്റ്റനന്റ് ജനറല്‍ അന്വേഷണം നടത്താന്‍ താല്‍പര്യം എടുത്തിട്ടില്ല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ. അശ്വനി കുമാറിന് എതിരെ നടപടി സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു എങ്കിലും ഒരു നടപടിയും ലഫ്റ്റനന്റ് ജനറലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഈ ഓഫീസറെ ശിക്ഷിക്കുന്നതിന് പകരം ശ്രീ. അശ്വനി കുമാറിന് പുതുച്ചേരി ചീഫ് സെക്രട്ടറി ആയി പ്രൊമോഷന്‍ നല്‍കി ആദരിക്കുകയാണ് ചെയ്തത്. നടപ്പില്‍ വരുത്തി എന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കേണ്ട അതിപ്രധാനമായ ശുപാര്‍ശകള്‍ നിയമസഭാ കമ്മിറ്റി എടുത്തിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് വേണ്ടി അത് നടപ്പാക്കുന്നതിന് പകരം അത് നടപ്പിലാക്കാതിരിക്കാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായി സഹായം ചെയ്തു കൊടുക്കുന്നു. പരാതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഈ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുക മാത്രമല്ല ചെയ്തത്. വക്കീലിന്റെ ഫീസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ കേസ് നിരാകരിച്ചെങ്കിലും ലഫ്റ്റനന്റ് ജനറലും ചീഫ് സെക്രട്ടറിയും ഒരു നടപടിയും സ്വീകരിക്കാന്‍ മുതിര്‍ന്നില്ല.
Leave a Reply