തോമസ് ചാക്കോ  

ആലപ്പുഴ : കുട്ടനാട്ടിലെ എ സി റോഡിലെ മാമ്പുഴക്കരി എസ് എൻ ഡി പി ഹാളിൽ ആം ആദ്മി പാർട്ടി  സംഘടിപ്പിച്ച  ” കുട്ടനാടിനായി ഞാനും ” എന്ന ഏകദിന സെമിനാറിന്റെയും പരിശീലന ക്യാമ്പിന്റെയും വലിയ വിജയം കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്ക് സ്വീകാര്യതയേറുന്നതിന് തെളിവായി മാറുന്നു. ജനപങ്കാളിത്തം കൊണ്ടും, നടത്തിപ്പിലെ വ്യത്യസ്തകൊണ്ടും കൈയ്യടി നേടിയ ഈ നേതൃത്വ പരിശീലന ക്യാമ്പിന്റെ വലിയ വിജയം ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയുടെയും , ശ്രീ സ്കറിയ മാത്യുവിന്റെ നേത്യത്വത്തിലുള്ള കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണെന്ന് നിസംശയം പറയാം.

പതിവ് രാഷ്ട്രീയ കൺവെൻഷനുകളിലെ വാചക കസർത്തുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടനാടൻ ജനതയുടെ  ജീവിത പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ചുകൊണ്ട് അവയ്ക്ക് എങ്ങനെ ശരിയായ പരിഹാരം കാണാൻ കഴിയും , അതോടൊപ്പം കുട്ടനാട്ടിലും , കേരളത്തിലും ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കി എങ്ങനെ വിജയം നേടാൻ കഴിയുമെന്നതായിരുന്നു ഈ സെമിനാറിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ആധികാരികമായ ഡേറ്റകളെ ഉപയോഗപ്പെടുത്തി രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ 8 മണിക്കൂർ നടന്ന ഈ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ജനകൂട്ടം പ്രകടിപ്പിച്ച ആത്മാർത്ഥതയും, ആവേശവും കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്കുള്ള വലിയ സാധ്യതയെയാണ് ചൂണ്ടി കാട്ടുന്നത് . പതിവ് രാഷ്ട്രീയ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഇന്നിന്റെ എല്ലാ നവീന സാങ്കേതിക വിദ്യകളെയും ഉപയോഗപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട ഈ പരിശീലന രീതി കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വിജയ മോഡലാക്കി മാറ്റണമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.

കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീ. പദ്മനാഭൻ ഭാസ്കരൻ ക്യാമ്പിന്റെ ഉത്‌ഘാടനം നിർവ്വഹിക്കുകയും , സംസ്ഥാന അഡീഷണൽ സെക്രട്ടറി ശ്രീ എം എസ് വേണുഗോപാൽ കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രോജക്റ്റ് അവതരിപ്പിക്കുകയും , സംസ്ഥാന വക്താവായ അഡ്വ വിനോദ് മാത്യു വിൽസൻ കുട്ടനാട്ടിലും കേരളത്തിലും ആം ആദ്മി പാർട്ടിക്ക് ഉള്ള സാധ്യതയെപ്പറ്റി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടനാട് മണ്ഡലം സെക്രട്ടറി ശ്രീ. ആന്റണി എം വി ഉദ്ഘാടന സമ്മേളനത്തിൽ ഏവരെയും സ്വാഗതം ചെയ്യുകയും , ജില്ല സെക്രട്ടറി ശ്രീ. ഷിനു ജോർജ്ജ് സമാപന സമ്മേളനം സ്വാഗതം ചെയ്യുകയും ,  ജില്ല ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുര കൃതജ്ഞത അറിയിക്കുകയും ചെയ്തു. സംസ്ഥാന ട്രെയിനിംഗ് ഡിവിഷൻ കൺവീനർ ജോർജ്ജ് ജോസഫ് പകലോമറ്റം , ഷൈജുമോൻ ചാക്കോയും , സജി കെ  സി തുടങ്ങിയവർ  സെമിനാർ അവലോകനവും നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ വ്യക്തിപരമായ യാത്ര കാരണം പങ്കെടുക്കാൻ കഴിയാതെ വന്ന സംസ്ഥാന കൺവീനർ പി സി  സിറിയക് അദ്ദേഹത്തിന്റെ ആശംസ ശബ്ദരേഖയായി പ്രവർത്തകർക്ക് നല്കിയിരുന്നു.


ആലപ്പുഴ ജില്ല അഡീഷണൽ കൺവീനർ ശ്രീ. നവീൻജി , സൗത്ത് സോൺ Z-PoC ശ്രീ. ജീജോ ജേക്കബ്, സംസ്ഥാന OBT അംഗം ശ്രീ. ശരൺദേവ് , സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ. ഷാജഹാൻ, സോഷ്യൽ മീഡിയ കോഡിനേറ്റർ ശ്രീ. സുജിത്ത് സുകുമാരൻ എന്നിവർ വ്യത്യസ്ത വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  ആലപ്പുഴ ജില്ല ജോയിന്റ് കൺവീനർ ഡോ. സോമൻ , ജില്ല ജോയിന്റ് സെക്രട്ടറി ത്രിവിക്രമൻ പിള്ള , കിസാൻ ആം ആദ്മി കൺവീനർ ശ്രീ. മാർട്ടിൻ തോമസ് , സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ജാക്സൺ പൊള്ളയിൽ , സംസ്ഥാന വനിതാ വിംഗ് അംഗങ്ങളായ ഡോ. സെലിൻ ഫിലിപ്പ്, ഡോ. സബിനാ എബ്രഹാം,  മറ്റ് മണ്ഡലം കൺവീനർമാർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ചു.

സംഘാടക മികവുകൊണ്ടും , പരിശീലന രീതിയിലെ വ്യത്യസ്ഥതകൊണ്ടും അംഗീകാരം നേടിയ ഈ നവീന പരിശീലന ക്യാമ്പ് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുവാനുള്ള ശ്രമത്തിലാണ് ജില്ലാ ആം ആദ്മി പാർട്ടി നേതൃത്യം. ഇതേ പരിശീലന മോഡൽ ക്യാമ്പ് തങ്ങളുടെ മണ്ഡലങ്ങളിലും നടത്തി തരണമെന്ന് ആവശ്യപ്പെട്ട് മറ്റ് പല ജില്ലകളിൽ നിന്നുള്ള നേതാക്കളും , സംസ്ഥാനം മുഴുവനിലും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വത്തെ ഇതിനോടകം സമീപിച്ചു കഴിഞ്ഞു.

യുവനിര നേതാക്കളായ ഷിനു ജോർജ്ജും, നവീൻ ജിയും , ആന്റണി എം വിയും , ജിജോയും , ശരൺദേവും , ഷാജഹാനും , സുജിത് സുകുമാരനും ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെയും , കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യുവിന്റെയും നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഒരേ മനസ്സോടെ കൈകോർത്തപ്പോൾ മനോഹരമായ ഒരു പരിശീലന മാതൃകയയ്ക്കാണ് കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ ഇന്നലെ തിരി തെളിഞ്ഞിരിക്കുന്നത്. നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം ഉണ്ടായാൽ എത്ര വലിയ പരിപാടികളും സംഘടിപ്പിക്കാൻ കഴിയുമെന്നും, അതിലൂടെ കുട്ടനാട്ടിൽ വിജയം അനായാസം സാധ്യമാക്കാൻ കഴിയുമെന്നുമാണ് ” കുട്ടനാടിനായി ഞാനും ” എന്ന സെമിനാറിന്റെ വിജയം നൽകുന്ന ഏറ്റവും വലിയ പാഠമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ള പരിശീലന ക്യാമ്പ് കേരളം മുഴുവനിലും സംഘടിപ്പിച്ചാൽ ആം ആദ്മി പാർട്ടിയിലെ സംഘടന പോരായ്‌മകൾ ഇല്ലാതാക്കാമെന്നും അതിലൂടെ പാർട്ടിയെ വേഗത്തിൽ ശക്തിപ്പെടുത്താമെന്നും ഭൂരിഭാഗം പ്രവർത്തകരും വിലയിരുത്തി.

കുട്ടനാട് മണ്ഡലം കമ്മിറ്റിയും , ജില്ലാ ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുരയും ഒന്നിച്ച് നിന്ന് ക്യാമ്പിന്റെ ചിലവുകൾക്കുള്ള പണം കണ്ടെത്തി ക്യാമ്പിൽ പങ്കെടുത്തവർക്ക് രുചികരമായ ഭക്ഷണവും , യാത്ര സൗകര്യങ്ങളും ഉൾപ്പെടെ ഒരുക്കിയപ്പോൾ സാഹോദര്യത്തിന്റെയും , ഒത്തുരുമയുടെയും , പങ്കുവയ്ക്കലിന്റെയും ഒരു കൂടിചേരലിന് കൂടിയാണ് ഇന്നലെ മാമ്പുഴക്കരി സാക്ഷ്യം വഹിച്ചത്. കുട്ടനാട്ടിലെ സെമിനാറിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച വൻ സ്വീകാര്യത മറ്റ് മണ്ഡലങ്ങളിലും ഉണ്ടാക്കിയെടുത്ത് ജില്ലയിൽ വിജയം നേടുവാനുള്ള പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ല കമ്മിറ്റി ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു.