ലാവ്ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജിയില്‍ ഉണ്ടായിട്ടുള്ള വിധി പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്ന എന്നത് ശരി തന്നെയാണ്. കോടതി വിധി എന്തായാലും കോടതി വിധി തന്നെയാണ്. മേല്‍ക്കോടതി വിധി വരുന്നത് വരെ ഇതു പ്രാബല്യത്തിലുണ്ട്. പക്ഷേ ഈ വിധി തരുന്ന ഉത്തരങ്ങളേക്കാള്‍ നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനു മുന്‍പിലും നിയമ സംവിധാനത്തിനു മുന്‍പിലും ഉയര്‍ത്തും എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്.

ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനമായ സി എ ജി അന്വേഷിച്ച് കേരളത്തിന് നഷ്ടമുണ്ടായി എന്നു കണ്ടെത്തുകയും, സി ബി ഐ എന്ന ഉത്തരവാദപ്പെട്ട അന്വേഷണ സ്ഥാപനം ഹൈക്കോടതിയുടെ കൂടി ആവശ്യപ്രകാരം അന്വേഷിക്കുകയും തയ്യാറാക്കുകയും ചെയ്ത ഒരു കുറ്റപത്രം ഒരു വിചാരണ കോടതി ഒരു വിചാരണ പോലുമില്ലാതെ തള്ളിയത് ശരിയായിരുന്നില്ല എന്നെങ്കിലും ഈ വിധിയിലൂടെ നമുക്ക് ബോധ്യമാകുന്നു. ലാവ്ലിന്‍ ഇടപാടില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ട് എന്നുള്ള ആരോപണം പൂര്‍ണ്ണമായും കോടതി തള്ളിക്കളഞ്ഞിട്ടില്ല. ഈ ഇടപാടില്‍ കെ.എസ്.ഇ.ബി എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് അതു വഴി ജനങ്ങള്‍ക്ക് വലിയതോതില്‍ നഷ്ടമുണ്ടായി എന്ന് വ്യക്തമാണ്.

അതിന്റെ തന്നെ രേഖകള്‍ അത് കാണിക്കുന്നുണ്ട്. ഏറ്റവും നല്ല ഉദാഹരണം ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിതരണ കരാര്‍ കൊടുക്കുമ്പോള്‍ അത് അധിക വിലയാണ് എന്ന് പരിശോധിച്ച എല്ലാ വിദഗ്ത സമതികളും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ആ കരാര്‍ ഒപ്പു വച്ചു. അതിനു ന്യായീകരണമായി അന്നു പറഞ്ഞത് 98.3 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടും എന്നതാണ്. ആ ന്യായീകരണം വച്ചു കൊണ്ടാണ് ഈ വിലയ്ക്ക് അംഗീകാരം തേടിയതും ഈ കരാറിനു മന്ത്രി സഭയുടെ അംഗീകാരം നേടിയതും. എന്നു പറഞ്ഞാല്‍ 98.3 കോടി രൂപാ കിട്ടിയില്ല എങ്കില്‍ ഈ കരാര്‍ നഷ്ടമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കരാര്‍ ഒപ്പിടുന്നതിന് എന്ത് ധൈര്യമാണ് നമ്മുടെ കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉണ്ടായത് എന്ന് ചോദിക്കേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കന്മാരുടെ പിന്‍ബലമില്ലാതെ ഇത്തരമൊരു അന്താരാഷ്ട്ര കരാറില്‍ അവര്‍ ഏര്‍പ്പെടും എന്ന് പറയുന്നതില്‍ തന്നെ അസ്വഭാവികതയുണ്ട്.

ഈ കരാറിന്റെ നിര്‍വ്വഹണ ഘട്ടത്തില്‍ കരാര്‍ ഒപ്പിടുന്ന മുതലുള്ള നിരവധി ഘട്ടങ്ങളില്‍ അതില്‍ പങ്കാളിയാണ് ശ്രീ. പിണറായി വിജയന്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കില്ല. കനഡയില്‍ 1997 ഫെബ്രുവരി രണ്ടാം വാരത്തില്‍ പോയി കരാര്‍ ഒപ്പിട്ട കൂട്ടത്തില്‍ അദ്ദേഹമുണ്ടായിരുന്നു എന്നതും സത്യമാണ്. സര്‍ക്കാരിനും കെ.എസ്.ഇ.ബി യ്ക്കും നഷ്ടമുണ്ടാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന ഒരു കരാറില്‍ എന്തു കൊണ്ട് അദ്ദേഹം ഒപ്പിട്ടു. അല്ലെങ്കില്‍ ഒപ്പിടുന്നതിന് കൂട്ടു നിന്നു എന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. അഴിമതി നിരോധന നിയമത്തിന്റെ 13 ഒന്ന് ഡി പ്രകാരം ഒരാള്‍ക്ക് സ്വന്തം ലാഭം ഉണ്ടാക്കിയാല്‍ മാത്രമേ അയാള്‍ അഴിമതിക്കാരനാകൂ എന്ന വാദം നിലനില്‍ക്കുന്നതല്ല.

സര്‍ക്കാരിന് പൊതുസമൂഹത്തിന് നഷ്ടമുണ്ടായി എന്നും, ലാവ്ലിന്‍ പോലെയുള്ള കമ്പനിക്ക് അതുകൊണ്ട് ലാഭമുണ്ടായി എന്നും ഇതില്‍ നിന്നും വ്യക്തമാണ്. അതിന് കാരണക്കാരായവര്‍ ആരായാലും അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാര്‍ഹരാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ അഴിമതി നടന്നിട്ടുണ്ട് എങ്കില്‍ അത് കരാര്‍ ഒപ്പിടുന്നതിന് പ്രേരകമായ മന്ത്രിസഭാ തീരുമാനമടക്കമെടുപ്പിച്ച പിണറായി വിജയന്‍ ഉത്തരവാദിയാണ് എന്ന കാര്യത്തില്‍ സാധാരണ സമൂഹത്തിന് സംശയമില്ല. നിയമത്തിന് മുന്‍പില്‍ അതു തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടു എന്നായിരിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന്റെ കണ്‍സള്‍ട്ടന്‍സി കരാറാണ് കാര്‍ത്തികേയന്‍ മന്ത്രിയുടെ കാലത്തു ഒപ്പിട്ടത്. അതിലും ചില അപാകതകള്‍ ഉണ്ട് എന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിനപ്പുറത്ത് അത് സപ്ലൈ കരാര്‍ ആക്കുക വഴി നഷ്ടം പല മടങ്ങാക്കി എന്നതാണ് സത്യം. ഇവിടെ ഇനിയും ഉന്നയിക്കപ്പെടാവുന്ന മറ്റൊരു ചോദ്യം ഇത് സുപ്രീംകോടതിയില്‍ പോയാല്‍ നില നില്‍ക്കുമോ എന്നതാണ്. സിബിഐ ആത്മാര്‍ത്ഥതയോടെ സുപ്രീംകോടതിയില്‍ പോകുകയാണെങ്കില്‍, ഇത് നില നില്‍ക്കാന്‍ സാധ്യത ഉണ്ടെന്നു തന്നെ ആണ് നമുക്ക് കണക്കാക്കാന്‍ കഴിയുന്നത്.

ഹൈക്കോടതികള്‍ അഴിമതി കേസില്‍ വെറുതെ വിട്ട, ജയലളിത യെയും ലല്ലു പ്രസാദ് യാദവിനെയും സുപ്രീംകോടതി ശിക്ഷിച്ചതും, അയോദ്ധ്യ കേസില്‍ അദ്വാനി അടക്കം ഉള്ളവരെ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയതും നമ്മുടെ ഓര്‍മയില്‍ ഉണ്ടാവണം. ആ അര്‍ത്ഥത്തില്‍ ഇത് ഇനി സുപ്രീംകോടതിയിലേക്ക് പോകാന്‍ മറ്റൊരു പ്രധാന പ്രശ്‌നം ഇതില്‍ ഉന്നയിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഏത് അഴിമതി നടത്തിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ നമ്മുടെ നിയമ സംവിധാനത്തില്‍ ഉണ്ട് എന്നതാണ് ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം. ഇവിടെ കേരളത്തിന്റെ ചരിത്രം എടുത്താല്‍ കഴിഞ്ഞ 60 വര്‍ഷമായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, അഴിമതിക്കേസില്‍, നാമമാത്രമായി എങ്കിലും ശിക്ഷിക്കപ്പെട്ടത് ബാലകൃഷ്ണപിള്ള എന്ന ഒറ്റ രാഷ്ട്രീയ നേതാവ് മാത്രം ആണ്. മറ്റെല്ലാ നേതാക്കളും അഴിമതി കേസില്‍ നിന്ന് തലയൂരുകയാണ്, ഉണ്ടായത്.

അതുകൊണ്ട് പിണറായി വിജയന്‍ മാത്രം ശിക്ഷിക്കപ്പെടണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പിണറായി വിജയനും അങ്ങനെ തലയൂരി എന്ന് കണക്കാക്കിയാലും തെറ്റില്ല. എന്നാല്‍ 2001ല്‍ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണം ആണിത്. 1997ല്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ അതിന്റെ അന്വേഷണം പൂര്‍ത്തിയായി, ഇപ്പോഴും കുറ്റവാളികള്‍ ആരാണ് എന്ന് തീരുമാനിക്കുന്നതില്‍ പോലും അന്തിമ ഘട്ടമായിട്ടില്ല എന്ന് പറയുന്നതോട് കൂടി നമ്മുടെ നാട്ടിലെ അഴിമതി അന്വേഷണ സംവിധാനത്തിന്റെ ദൗര്‍ബല്യം വളരെ വ്യക്തമാകുന്നു.
അതുകൊണ്ട് തന്നെ ഇന്നത്തെ നിയമങ്ങള്‍ വച്ച് കൊണ്ട്, ഏതുതരം അഴിമതി തടയാന്‍ ശ്രമിച്ചാലും അത് ഒന്നും തടയാന്‍ കഴിയുന്ന തരത്തിലല്ല. ഇത്രകാലം ആയിട്ടും ആരാണ് പ്രതി എന്ന് പോലും തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു എന്നതാണ്. ഇത് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ കൃത്യമായ ദൗര്‍ബല്യം വ്യക്തമാക്കുന്നു. അഴിമതി അന്വേഷണത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ അതിനു പ്രേരകമായ, അതിനു ശക്തിയായി നിന്ന രാഷ്ട്രീയ നേതാക്കള്‍ രക്ഷപ്പെടുകയും, ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് നമ്മുടെ രാഷ്ട്രീയ നിയമ സംവിധാനത്തിന്റെ ഒരു ദൗര്‍ബല്യം ആയി നമ്മള്‍ കാണേണ്ടതുണ്ട്. അങ്ങിനെ കാണുമ്പോള്‍ തീര്‍ച്ചയായും, ലോക്പാല്‍ പോലെയുള്ള വളരെ പെട്ടന്ന് അഴിമതി അന്വേഷണം നടത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവണം.

അതിനു കഴിയുന്ന വിധത്തില്‍ ഉള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആം ആദ്മി പാര്‍ടി എന്നും ഉണ്ടാവും. തല്‍ക്കാലം രക്ഷപെട്ട പിണറായി വിജയന് പക്ഷെ ഇന്നലെത്തന്നെ അദ്ദേഹത്തിന്റെ ഒരു മന്ത്രിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ ഹൈക്കോടതി വിധിക്ക് വലിയ മൂല്യം കല്‍പിക്കുന്നു എങ്കില്‍, അദ്ദേഹം ചെയ്യേണ്ടത്, ആ മന്ത്രിയെ ഇന്ന് തന്നെ ഒഴിവാക്കുകയാണ്. പക്ഷെ അത് നമുക്ക് പ്രതീക്ഷിക്കാന്‍ വയ്യ. ഇപ്പോള്‍ ഹൈക്കോടതിയെ വാനോളം പുകഴ്ത്തുന്ന സി പി എം അടക്കം ഉള്ള ആളുകള്‍ മുന്‍പ്, സി ബി ഐ അന്വേഷിക്കണം എന്ന് ഹൈക്കോടതി വിധിച്ചപ്പോള്‍ ആ ജഡ്ജി യുടെ കോലം കത്തിക്കുകയും പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്ത പാരമ്പര്യം ആണ് ഇവര്‍ക്കുള്ളത്.

അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് അനുകൂലം ആകുമ്പോള്‍ കോടതിയെയും ജനാധിപത്യത്തെയും വിശ്വസിക്കുകയും അല്ലാത്ത പക്ഷം വിമര്‍ശിക്കുകയും ചെയ്യുക എന്നത് ഭൂഷണം അല്ല. കോടതി വിധി കോടതി വിധി ആയി തന്നെ തുടരട്ടെ. തീര്‍ച്ചയായും അടുത്ത ഘട്ടം വരുന്നത് വരെയും പിണറായി വിജയന്‍ കുറ്റവിമുക്തനാണ് എന്ന് തന്നെ കരുതാം