ലോകമെങ്ങും പാരിസ്ഥിതിക അവബോധം ശക്തിപ്പെടുകയും പാരിസ്ഥിതിക നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ പോലെ ഒരു കാര്‍ഷിക രാജ്യത്ത്, അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ കാണുന്നെന്ന് ആംആദ്മി പാര്‍ട്ടി. അതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റകളെയും, ചങ്ങാത്ത മുതലാളിത്തത്തെയും സഹായിക്കുന്ന തരത്തില്‍ ഉള്ള ഇടപെടലുകളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
1986 -ലെ പാരിസ്ഥിതിക സംരക്ഷണ നിയമവും, അതിനു ശേഷം ഉണ്ടായ നിരവധി മറ്റു നിയമങ്ങളും, കോടതി വിധികളും പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ മുഖ്യധാരാ കോടതികള്‍ക്ക് കഴിയാതെ വന്നപ്പോള്‍ അതിനു വേണ്ട വൈദഗ്ദ്ധ്യം തങ്ങള്‍ക്കില്ല എന്ന് കോടതികള്‍ തന്നെ സമ്മതിച്ചപ്പോളാണ്, 2010ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമം ഉണ്ടായത്. അതിനനുസരിച്ച് സ്ഥാപിക്കപ്പെട്ട ഹരിത ട്രിബ്യൂണലുകളെ, ദുര്‍ബലപ്പെടുത്താനും, ഇല്ലാതാക്കാനും ആണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വതന്ത്ര ജുഡീഷ്യറി എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതയാണ്. ആ അടിസ്ഥാനത്തില്‍ തന്നെ പാരിസ്ഥിതികമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്, ഹൈക്കോടതിയുടെ അധികാരം ഉള്ള ഗ്രീന്‍ ട്രിബ്യൂണലുകളെ സൃഷ്ടിച്ചത് ഈ ലക്ഷ്യം വച്ച് കൊണ്ട് തന്നെ ആണ്. നിരവധി പാരിസ്ഥിതിക വിഷയങ്ങളിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രിബ്യൂണലിനു കഴിഞ്ഞിട്ടുണ്ട്. മറ്റു കോടതികളില്‍ നിന്ന് വ്യത്യസ്തമായി, പാരിസ്ഥിതിക വൈദഗ്ദ്ധ്യം ഉപയോഗിച്ച് പ്രശ്‌നങ്ങളെ വിലയിരുത്താനും അതില്‍ തീര്‍പ്പ് കല്‍പ്പിക്കാനും, ശേഷിയുള്ള ഹരിത ട്രിബ്യൂണലുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടിയാണ്, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഹരിത ട്രിബ്യൂണലിലെ ജഡ്ജിമാര്‍ ഇനിമേല്‍ മുന്‍ഹൈക്കോടതി ജഡ്ജിമാര്‍ ആകണമെന്നില്ല. കേവലം 10 വര്‍ഷം ഏതെങ്കിലും നിയമ മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ മതി. പാരിസ്ഥിതികമായി യാതൊരു ധാരണയും ഉണ്ടാവണം എന്നില്ല. തന്നെയുമല്ല സ്വതന്ത്ര നീതിന്യായ സംവിധാനം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുന്നു. അവിടത്തെ ജഡ്ജി നിയമനങ്ങള്‍ക്ക് സുപ്രീംകോടതി ജഡ്ജിയുടെ അംഗീകാരം വേണം എന്നുണ്ടായിരുന്നു. അതും ഇല്ലാതാക്കി. മറിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിലെ, സെക്രട്ടറിക്ക് കീഴില്‍ പ്രവത്തിക്കുന്ന, ഒരു ഉപ വകുപ്പായി ഹരിത ട്രിബ്യൂണലിനെ മാറ്റാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിലെ ജഡ്ജിമാര്‍ക്ക് ജഡ്ജിമാരുടെ അവകാശങ്ങള്‍ ഇല്ല. മറിച്ച് ഐ.എ.എസ്. ഓഫീസര്‍മാരുടെ അവകാശങ്ങള്‍ മാത്രമാണുള്ളത്.
ഇത് ജുഡിഷ്യറിയെ വികലപ്പെടുത്തുന്ന ഒരു തീരുമാനം ആണ്. ഇന്ത്യയിലെ വിഭവ ചൂഷകര്‍ക്ക് വേണ്ടി, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഈ പ്രവര്‍ത്തനം വരും തലമുറയോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് പിന്തിരിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കാനും, പ്രക്ഷോഭം നടത്താനും ആം ആദ്മി പാര്‍ട്ടി തയ്യാറാകും എന്ന് ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതുപോലെതന്നെ ആറന്മുള വിമാനത്താവളം പോലുള്ള വിഷയങ്ങളില്‍ ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍ എത്രത്തോളം ഗുണകരമായിരുന്നു എന്ന് നന്നായി അറിയാവുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
Leave a Reply