ജോജി തോമസ്
ഡെല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അനുമതി നല്‍കിയത്. വധശിക്ഷയുള്‍പ്പെടെ നിരവധി കര്‍ശനമായ നിയമ മാറ്റങ്ങളാണ് പോസ്‌കോയില്‍ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രല്‍ ഫ്രെം സെക്ഷ്വല്‍ ഒഫന്‍സസ്) ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിനെകൊണ്ട് തിരക്കിട്ട് നിയമത്തില്‍ മാറ്റം വരുത്തി ഓര്‍ഡിനന്‍സ് ഇറപ്പിക്കുവാന്‍ പ്രേരിപ്പിച്ചത് ആം ആദ്മി പാര്‍ട്ടിയുടെ വനിതാ നേതാവും , ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവാള്‍ നയിച്ച ധീര നിരാഹാരസമരമാണ് . ആ സമരത്തിന് ലഭിച്ച വമ്പിച്ച ജനപിന്തുണ പല മുഖ്യധാര മാധ്യമങ്ങളും മൂടിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച വരും നാളുകളില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന് തിരിച്ചറിഞ്ഞ കോര്‍പ്പറേറ്റുകള്‍ ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതൃത്വവും നടത്തുന്ന ജനകീയ ഇടപെടലുകളെയും, സമരങ്ങളെയും മാധ്യമങ്ങളെ ഉപയോഗിച്ച് ജനശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്.
ആം ആദ്മി പാര്‍ട്ടിയുടെ തീപൊരി നേതാവും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവാളിന്റെ പത്ത് ദിവസം നീണ്ട നിരാഹാരസമരം കൊണ്ടാണ് പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിര്‍ബന്ധിതനായത് . വ്യക്തമായ ആസൂത്രണമോ സംഘടനാ സംവിധാനത്തിന്റെ പിന്‍ബലമോ ഇല്ലാതെ ആരംഭിച്ച നിരാഹാര സമരത്തിന് പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് പ്രത്യേകിച്ച് യുവജനങ്ങളില്‍ നിന്നും , സ്ത്രീകളില്‍ നിന്നും അഭൂതപൂര്‍വ്വവുമായി പിന്തുണയാണ് ലഭിച്ചത് . ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
കത്‌വ കൂട്ടമാനഭംഗക്കേസില്‍ എട്ട് വയസുമാത്രമുള്ള പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥകള്‍ വാര്‍ത്തകളില്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് സ്വാതി മാലിവാള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചത്. മാലിവാളിന്റെ സമരത്തിന് ലഭിച്ച ജനപിന്തുണ നിര്‍ഭയയുടെ മരണത്തിനുശേഷം നടന്ന പൊതുജന സമരത്തേയും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെയുയര്‍ന്ന ജനരോഷത്തേയും അനുസ്മരിപ്പിച്ചു. മാലിവാളിന്റെ സമരത്തിനെതിരെ മുഖം തിരിക്കുന്ന നിലപാടാണ് ആദ്യമുതല്‍ പല പ്രമുഖ മാധ്യമങ്ങളും സ്വീകരിച്ചതെങ്കിലും സമരത്തിന് ലഭിക്കുന്ന ബഹുജന പിന്തുണ പലപ്പോഴും മാധ്യമശ്രദ്ധ സ്വാതി മാലിവാളിലേയ്ക്കും നിരാഹാര സമരത്തിലേയ്ക്കും തിരിയാന്‍ കാരണമാക്കി. അഭിഭാഷകര്‍ , പത്രപ്രവര്‍ത്തകര്‍ , ബുദ്ധിജീവികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാഭാഗത്തുനിന്നുള്ള പിന്തുണ നിരാഹാര സമരത്തിന് ലഭിച്ചിരുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമങ്ങള്‍ വേണമെന്ന ആവശ്യം സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് വളരെക്കാലമായി ഉയരുന്നുണ്ടായിരുന്നു. കത്‌വ പീഡനത്തെ തുടര്‍ന്ന് സ്വാതി മാലിവള്‍ നയിച്ച സമരം കേന്ദ്ര ഗവണ്‍മെന്റിനെ ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത് തീര്‍ച്ചയായും ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമാണ്.
Leave a Reply