അലോപ്പതി ചികിത്സയെ പരിഹസിക്കുകയും പലപ്പോഴും അശാസ്ത്രീയത ഒരു മറയുമില്ലാതെ വിളിച്ചുപറയുകയും ചെയ്യുന്ന ബാബാ രാംദേവിന്റെ വായടപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായി ഡോ. ജയേഷ് ലെലെ. ചാനൽ ചർച്ചക്കിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിക്കാൻ തുടങ്ങിയ രാംദേവിനോട്, ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് കടുപ്പിച്ച് പറഞ്ഞാണ് ഡോ. ജയേഷ് ലെലെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
കടുത്ത രീതിയിൽതന്നെ വാദങ്ങൾക്ക് മറുപടി പറഞ്ഞ ലെലെ, തൻറെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു. പേടിച്ച രാംദേവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡോ. ലെലെ കടുത്തരീതിയിൽ സംസാരിക്കുന്നതിനിടെ വാർത്താ അവതാരക ‘പതുക്കെ’ എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.
രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. നേരത്തെ തന്നെ ഐഎംഎയും രാം ദേവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ ആയുർവേദ മരുന്നെന്ന് അവകാശപ്പെടുന്ന മരുന്നുകളുമായി കോവിഡിനെ പ്രതിരോധിക്കാനിറങ്ങിയ രാംദേവ് പരസ്യമായി ആരോഗ്യപ്രവർത്തകരേയും അലോപ്പതി ചികിത്സാരീതിയേയും പരിഹസിച്ചിരുന്നു. ഇത് വലിയ രീതിയൽ പ്രതിഷേധത്തിന് കാരണമാവുകയും സംഭവത്തെ ഐഎംഎ അടക്കം എതിർക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ രാംദേവ് ഖേദപ്രകടനം നടത്തിുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെ രാംദേവിനെ ഡോ. ജയേഷ് ലെലെ വറുത്തുകോരിയത്. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമർശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന്റെ ‘വായടപ്പിക്കുന്ന മറുപടി നൽകിയ’ ലെലെയെ പ്രകീർത്തിച്ച് ട്വീറ്റുകൾ നിറഞ്ഞു.
കോവിഡ് 19 ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർമാരുടെ സംഘടനയും കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധനും രാംദേവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ താക്കീത് നൽകിയിരുന്നു.
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചത് അലോപ്പതി മരുന്നുകളാണെന്നും ഹർഷവർധൻ പറയുകയും രാംദേവിന് കത്തയക്കുകയും ചെയ്‌തോടെ ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ചതായി രാംദേവ് അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐഎംഎയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടിവി ചർച്ചയിലാണ് ഐഎംഎ ഭാരവാഹിയായ ലെലെയുമായി രാംദേവ് കൊമ്പുകോർത്തത്.
Leave a Reply