ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫൈസലാബാദ് : 2020 ജൂൺ 25ന് പാകിസ്ഥാനിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ഫൈസലാബാദിലെ വീട്ടിലായിരുന്നു 12 കാരിയായ ഫറാ. മുത്തച്ഛനും മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും അവളോടൊപ്പം വീട്ടിലുണ്ട്. മുൻവാതിലിലെ മുട്ടു കേട്ട് വാതിൽ തുറന്ന മുത്തച്ഛനെ തള്ളിമാറ്റികൊണ്ട് മൂന്നു പേർ വീടിനുള്ളിൽ പ്രവേശിച്ചു. അവർ ഫറായെ പിടിച്ച് പുറത്ത് നിർത്തിയിട്ടിരുന്ന വാനിൽ കയറ്റി കൊണ്ടുപോയി. “അവളെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ നിങ്ങൾ ദുഖിക്കേണ്ടി വരും.” അവർ മുന്നറിയിപ്പ് നൽകി. മകളെ തിരികെകിട്ടാൻ വേണ്ടി പിതാവ് ആസിഫ് പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തട്ടിക്കൊണ്ടുപോയവരിൽ ഒരാളുടെ പേരടക്കം സ്റ്റേഷനിൽ നൽകിയിട്ടും ഉദ്യോഗസ്ഥർ സഹായിക്കാൻ ഒട്ടും താൽപര്യം കാണിച്ചില്ലെന്ന് ആസിഫ് പറഞ്ഞു.

പോലീസിൽ ആവർത്തിച്ച് പരാതികൾ നൽകിയിട്ടും അവർ കേസ് രജിസ്റ്റർ ചെയ്യുന്നത് മൂന്ന് മാസം മുമ്പാണ്. എങ്കിലും ആവശ്യമായ തുടർ നടപടി സ്വീകരിക്കുവാൻ അവർ തയ്യാറായില്ല. 110 കിലോമീറ്റർ അകലെയുള്ള ഹാഫിസാബാദിലെ ഒരു വീട്ടിലേക്കാണ് അവർ ഫറായെ തട്ടിക്കൊണ്ടുപോയത്. അവിടെവച്ച് അവർ അവളെ ശാരീരികമായി പീഡിപ്പിച്ചു, അടിമയെപോലെ ചങ്ങലയ്ക്കിട്ടു, ബലാത്സംഗം ചെയ്തവനെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. ആസിഫ് തന്റെ പ്രാദേശിക പള്ളിയിൽ നിന്ന് സഹായം തേടിയതിനെത്തുടർന്ന് കുടുംബത്തിന് നിയമ സഹായം ലഭിച്ചു. തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവിട്ടു. എന്നാൽ അന്തിമവിധി വരുന്നതിന് മുമ്പ്, പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വിവാഹത്തിനും മതപരിവർത്തനത്തിനും താൻ സമ്മതിച്ചതായി ഫറാ വെളിപ്പെടുത്തിയെന്നായിരുന്നു പോലീസ് പറഞ്ഞത്. ജനുവരി 23 ന് ഫറാ കോടതിയിൽ ഇത് തന്നെ ആവർത്തിച്ചെങ്കിലും നിർബന്ധത്തിലൂടെയാണ് ഈ പ്രസ്താവന രൂപപ്പെട്ടതെന്ന് കോടതി സംശയിച്ചു. ഫെബ്രുവരി 16 ന്, അവളെ വീട്ടിൽ നിന്ന് കൊണ്ടുപോയി ഏകദേശം എട്ട് മാസത്തിന് ശേഷം, ജഡ്ജിമാർ ഫറയുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ അസാധുവാണെന്നും വിധിച്ചു. അതോടെ അവൾ കുടുംബത്തോടൊപ്പം ചേർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരികെ വീട്ടിലെത്തിയ ഫറായുടെ മനസ് നിറയെ ആ കറുത്ത ദിനങ്ങളായിരുന്നു. “എന്നെ അവർ ചങ്ങലയ്ക്കിട്ടു. തട്ടിക്കൊണ്ടുപോയവന്റെ വീട് വൃത്തിയാക്കാനും മുറ്റത്തെ മൃഗങ്ങളെ പരിപാലിക്കാനും ഉത്തരവിട്ടു. അത് ഭയങ്കരമായിരുന്നു. എല്ലാ രാത്രികളിലും ഞാൻ പ്രാർത്ഥിച്ചു ; “ദൈവമേ, ദയവായി എന്നെ സഹായിക്കൂ. ” അവൾ വെളിപ്പെടുത്തി.

പാക്കിസ്ഥാനിൽ ഏകദേശം 20 ലക്ഷം ക്രിസ്ത്യാനികൾ ആണുള്ളത്. മൊത്തം ജനസംഖ്യയുടെ 1%. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഓരോ വർഷവും ആയിരത്തോളം ക്രിസ്ത്യൻ, ഹിന്ദു, സിഖ് പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. ഇവരിൽ പലരും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. ഫറായുടെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയാണ്. ഇത്തരം തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് (എൻ‌സി‌സി‌പി) മുന്നറിയിപ്പ് നൽകി. തട്ടിക്കൊണ്ടുപോയ നിരവധി പെൺകുട്ടികളും അവരുടെ കുടുംബങ്ങളും പാകിസ്ഥാനിൽ അഭിമുഖീകരിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് നീഡ്സ് വക്താവ് ജോൺ പോണ്ടിഫെക്സ് അഭിപ്രായപ്പെട്ടു. വീട്ടിലെത്തിയ ഫറാ ഒരു മനഃശ്ശാസ്‌ത്രജ്ഞന്റെ സഹായത്തോടെ അവൾക്കുണ്ടായ ആഘാതത്തിൽ നിന്ന് കരകയറുകയാണ്. മറ്റു പെൺകുട്ടികൾക്ക് ഇതുണ്ടാവാതിരിക്കാൻ തന്നാൽ കഴിയുന്ന വിധം നടപടിയെടുക്കുമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.