ലണ്ടന്‍: അഞ്ച് പേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലും പാര്‍ലമെന്റിന് മുന്നിലും ജനങ്ങളെ കാറിടിച്ച് വീഴ്ത്തുകയും ഒരു പോലീസ് ഓഫീസറെ കുത്തി വീഴ്ത്തുകയും ചെയ്തതിനു ശേഷമാണ് ആക്രമണം നടത്തിയയാളെ പോലീസ് വെടിവെച്ച് വീഴ്ത്തിയത്. 11 പേരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് കാര്‍ നിന്നത്. അതിനിടയില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഒരു വീഡിയോയില്‍ പരിക്കേറ്റവര്‍ റോഡില്‍ കിടക്കുന്നതും എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ വരുന്നതും പരിക്കേറ്റവരെ സഹായിക്കാന്‍ ജനങ്ങള്‍ ഓടിയെത്തുന്നതും കാണാം.
സംഭവത്തേക്കുറിച്ച് വിവരിക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ക്ക് ഞെട്ടല്‍ മാറിയിരുന്നില്ല. ഭീകരാക്രമണത്തേത്തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തി വെക്കുകയും വെസ്റ്റ്മിന്‍സ്റ്റര്‍ അടച്ചിടുകയും ചെയ്തു. ഒരു കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറുന്നതും പോലീസുകാരനെ കുത്തി വീഴ്ത്തുന്നതും കണ്ടതായി റിക്ക് ലോംഗ്ലി എന്നയാള്‍ പറയുന്നു. പരിക്കേറ്റവര്‍ റോഡില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ ഇതോടെ ബിഗ് ബെന്നിന് എതിര്‍വശത്തുള്ള ഗേറ്റിനരികിലേക്ക് മാറിയെന്നും ലോംഗ്ലി പറഞ്ഞു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് സെന്റ് തോമസ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു.

പോലീസുകാരനെ കുത്തുന്നത് ഏറ്റവും അടുത്തു നിന്ന് കണ്ടതിന്റെ ഞെട്ടലും ലോംഗ്ലി പങ്കുവെച്ചു. കത്തിയുമായി പാഞ്ഞെത്തിയ തീവ്രവാദി തന്റെ ചുമലില്‍ പിടിച്ചാണ് മുന്നോട്ട് വന്നത്. പിന്നീട് പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നു. വെസ്റ്റ് മിന്‍സ്റ്ററില്‍ മൂന്ന് വെടിയൊച്ചകള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.