തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. 27 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി വിചാരണ കൂടാതെ നേരത്തേ തന്നെ വിട്ടയച്ചിരുന്നു.
സെഫിക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റവും തോമസ് കോട്ടൂരിനെതിരേ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റവും കണ്ടെത്തി. വിധികേട്ട് സിസ്റ്റർ സ്റ്റെഫി പൊട്ടിക്കരഞ്ഞു. ദൈവത്തിന് നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം.
പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് സിബിഐ ആയിരുന്നു കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു സാധാരണ മരണം പോലെയായി പോകുമായിരുന്ന കേസില്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിലായിരുന്നു അന്വേഷണത്തിലേക്ക നയിച്ചത്. പല തവണ നാടകീയതകള്‍ മാറി മറിഞ്ഞ ശേഷമാണ് കേസില്‍ വിധിയുണ്ടായത്.
1993 ജനുവരി 30 ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതോടെയാണ് കേസ് സിബിഐയിലേക്ക് വന്നത്. സിബിഐ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭയയുടെ പിതാവിന്റെ ഹര്‍ജിയില്‍ വീണ്ടും പുതിയ സിബിഐ സംഘം കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. 2008 നവംബര്‍ 18 ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.
കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം. കുറ്റക്കാരെ കണ്ടെത്തിയ ശേഷവും പല അട്ടിമറികളും നടന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷികള്‍ കൂറു മാറുകയുമെല്ലാം ചെയ്തിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച കുറഞ്ഞത് എട്ട് വസ്തുക്കളെങ്കിലും മനപൂര്‍വ്വം നശിപ്പിച്ചതായി സിബിഐ കണ്ടെത്തി. തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കേസില്‍ നാലാം പ്രതിയായി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിചാരണ തുടങ്ങിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. വിധി കേള്‍ക്കാന്‍ മകള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു.
Leave a Reply