സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെയ്ക്കുകയും ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.

ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി നിർത്തി വെച്ചിരിക്കുന്നത്.

ജസ്റ്റിസ് കെവിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കുകയും കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

ഇരുവരും ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. 2020 ഡിസംബർ 23നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.