അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍
January 01 13:03 2021 Print This Article

28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോറന്‍സിക് വിദഗ്ധനായ കൃഷ്ണന്‍ ബാലേന്ദ്രന്‍.

അഭയ കേസിന്റെ വിധി നിര്‍ണയിച്ചത് രണ്ടു കന്യാസ്ത്രീകളുടെ ദേഹപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രപരമായ തെളിവുകളാണ്. ഇതില്‍ ഒന്നില്‍ മെഡിക്കല്‍ തെളിവുകളേക്കാള്‍ സാക്ഷിമൊഴിക്കു കോടതി പ്രാധാന്യം നല്കിയെന്നും രണ്ടാമത്തേത് തീര്‍ത്തും അശാസ്ത്രീയാണെന്നും കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണന്‍ ബാലേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിന്റെ വിധി നിര്‍ണയിച്ച ഒന്നാമത്തെ മെഡിക്കല്‍ തെളിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ മൃതദേഹം ഫോട്ടോയെടുത്തയാളുടെ മൊഴിയാണ് കോടതി വിശ്വസിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോട്ടോകളിലോ ഒന്നും ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ പറയുന്ന മുറിവുകള്‍ ഇല്ല. വിധിയില്‍ എടുത്തു പറയുന്ന ഡോ. കന്തസ്വാമിയുടെ മൊഴിയിലെ നിര്‍ണായകമായ പലതും തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനാവും.

വിധിയില്‍ പറഞ്ഞിരിക്കുന്ന, രണ്ടു ഡോക്ടര്‍മാരുടെ നിഗമനങ്ങളില്‍ മിക്കതും അശാസ്ത്രീയവും അപ്പാടെ തെറ്റുമാണ്. ശാസ്ത്രീയതയുടെ അളവുകോല്‍ പോയിട്ട്, സാമാന്യ ബുദ്ധിയുടെ പരിശോധനയില്‍ പോലും നില്ക്കാത്തവയാണ് അവയെന്ന് കുറിപ്പില്‍ പറയുന്നു.

സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടും കന്യാചര്‍മ പരിശോധനാ ഫലവുമാണ് രണ്ടാമത്തെ മെഡിക്കല്‍ തെളിവുകള്‍. സിബിഐ ആവശ്യപ്പെട്ട പ്രകാരം നാര്‍ക്കോ അനാലിസിസിന് വിധേയയാവും മുമ്പ് കൂടുതല്‍ വിശ്വസനീയമായ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഫിംഗര്പ്രിന്റിങ്ങിനും സിസ്റ്റര്‍ സെഫി വിധേയയായിരുന്നു.

ഈ രണ്ടു പരിശോധനകളിലും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട യാതൊന്നും കിട്ടിയില്ല. അതിനു ശേഷമാണ്, കൂടുതല്‍ ഭാവനാത്കകത നിറഞ്ഞതും കൃത്രിമത്വത്തിനു സാധ്യതയുമുള്ള നാര്‍ക്കോ അനാലിസിസിന് അവരെ വിധേയയാക്കിയത്.

നിരന്തരമായ എഡിറ്റിങ്ങിനു വിധേയമാക്കിയ ആ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സിസ്റ്റര്‍ സെഫിയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് പൊതുബോധം നിര്‍മിച്ചെടുക്കുകയായിരുന്നെന്ന് കൃഷ്ണന്‍ ബാലേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു. ഒടുവില്‍ സ്വന്തം നിരപരാധിത്വം സ്ഥാപിച്ചെടുക്കാനായി, സിബിഐ ആവശ്യപ്പെട്ടതു പ്രകാരം അവര്‍ ക്രൂരവും മനുഷ്യവിരുദ്ധവുമായ കന്യകാത്വ പരിശോധനയ്ക്കും തയാറായി.

ആധുനിക പൗര സമൂഹത്തില്‍ ഒരിടത്തും നടക്കാത്ത പരിശോധനയാണിത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുടെ ‘വിദഗ്ധ’ സംഘമാണ് അവരെ പരിശോധിച്ചത്.

പരിശോധനയില്‍ അവരുടെ കന്യാചര്‍മം കേടുപാടൊന്നും കൂടാതെ അക്ഷതമായ നിലയില്‍ കണ്ടിരുന്നു. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം കന്യാചര്‍മം സര്‍ജറിയിലൂടെ വച്ചുപിടിപ്പിച്ചതാണെന്നു റിപ്പോര്‍ട്ട് നല്കുകയാണ് പരിശോധന നടത്തിയവര്‍ ചെയ്തത്.

‘വിദഗ്ധ’ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരും കന്യാചര്‍മം വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി കാണുകയോ അതില്‍ സഹായിക്കുകയോ അതേക്കുറിച്ചു പഠിക്കുകയോ ചെയ്തിട്ടുള്ളവരല്ലെന്ന്, കൃഷ്ണന്‍ ബാലേന്ദ്രന്‍ പറയുന്നു.
ഹൈമനോപ്ലാസ്റ്റി എങ്ങനെയാണ് ചെയ്യുന്നത് എന്നുപോലും അറിയാത്ത, അങ്ങനെയുള്ള ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍ക്ക് കേടുപാടില്ലാത്ത കന്യാചര്‍മം കണ്ടപ്പോള് അത് ഹൈമനോപ്ലാസ്റ്റി ചെയ്തതാണെന്നു പറയാന് കഴിഞ്ഞു.

അവര്‍ കണ്ട സത്യത്തെ തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, അതിനെ ദുര്വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്കു യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവയ്ക്കുകയാണ് ചെയ്തത്. ഈ അഭിപ്രായം കോടതിയില്‍ എത്തുന്നതിനു മുമ്പു തന്നെ തല്‍പ്പരകക്ഷികള്‍ സിസ്റ്റര്‍ സെഫിയെ തെറ്റായി ജീവിക്കുന്നവളും പെരുങ്കള്ളിയും ആയി പൊതുമണ്ഡലത്തില്‍ ചിത്രീകരിക്കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles