കൊച്ചി : എറണാകുളം മഹാരാജാസ്‌ കോളജില്‍ കടന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലര്‍ ഗ്രൂപ്പ്‌. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ്‌ അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാള്‍ക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

ഒറ്റക്കുത്തിന്‌ ആളെക്കൊല്ലാന്‍ കില്ലര്‍ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ്‌ അഭിമന്യുവിനും സുഹൃത്ത്‌ അര്‍ജുനും നേരേ പ്രയോഗിച്ചത്‌. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അര്‍ജുന്റെ കരളിനുമാണു കുത്തേറ്റത്‌. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തില്‍ മൂന്നു സെക്കന്റിനുള്ളില്‍ കത്തി തിരിച്ചെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. പരിശീലനം സിദ്ധിച്ച കൊലയാളികള്‍ ഇരയുടെ മരണം ഉറപ്പാക്കാന്‍ നടപ്പാക്കുന്ന രീതിയാണിത്‌.

ആക്രമണത്തിനുശേഷം പ്രതികളില്‍ ഭൂരിഭാഗത്തെയും നാടുകടത്തിയതു മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണ്‌. രാത്രിതന്നെ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചെങ്കിലും ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായതും പ്രതികള്‍ക്കു സഹായകമായി. അഭിമന്യു വധക്കേസില്‍ ഏഴുപേരാണു പോലീസ്‌ കസ്‌റ്റഡിയിലുള്ളത്‌. അക്രമം നടന്ന ദിവസംതന്നെ മൂന്നുപേരെ പിടികൂടിയിരുന്നു. ഇവരില്‍ രണ്ടുപേരെ ഹോസ്‌റ്റലിലെ വിദ്യാര്‍ഥികളാണു പിടികൂടി പോലീസിനു കൈമാറിയത്‌. ഒരാളെ കോട്ടയത്തുനിന്നു പോലീസ്‌ പിടികൂടി. ബാക്കിയുള്ളവര്‍ നാടുവിട്ടതായാണു വിവരം. കോട്ടയം പത്തനാട്‌ കങ്ങഴ ചിറയ്‌ക്കല്‍ ബിലാല്‍ (19), പത്തനംതിട്ട കുളത്തൂര്‍ നാലകത്തിനാംകുഴിയില്‍ ഫറൂഖ്‌ (19), കൊച്ചി കല്‍വത്തിഫോര്‍ട്ട്‌ പുളയാണ്ടി വീട്ടില്‍ റിയാസ്‌ (37) എന്നിവരുടെ അറസ്‌റ്റാണു രേഖപ്പെടുത്തിയത്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍.
കേസിലെ മുഖ്യപ്രതി, മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ്‌. ഇയാളും കുടുംബവും കഴിഞ്ഞദിവസം രാത്രിതന്നെ നാടുവിട്ടു. വടുതലയിലെ വീട്‌ പൂട്ടിയിട്ട നിലയിലാണ്‌. വാട്‌സ്‌ആപ്‌ ഗ്രൂപ്പിലൂടെ പരസ്‌പരം ബന്ധപ്പെട്ടശേഷമാണു വിവിധ സ്‌ഥലങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ മഹാരാജാസിലെത്തിയത്‌. അതിനു മുമ്പ്‌ എറണാകുളം നോര്‍ത്തിലുള്ള ഒരു വാടകവീട്ടില്‍ ഇവര്‍ യോഗം ചേര്‍ന്നതായും പോലീസിനു വിവരം ലഭിച്ചു. പ്രവാചകനിന്ദ ആരോപിച്ച്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളജ്‌ അധ്യാപകന്റെ കൈവെട്ടിയ കേസിലുള്‍പ്പെട്ടവര്‍ അഭിമന്യു വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്‌. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്കു പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ചിലരും മഹാരാജാസ്‌ ക്യാമ്പസിലെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാമ്പസ്‌ കൊലപാതകം അന്വേഷിക്കാന്‍ കോളജ്‌ പ്രത്യേകസമിതിയെ നിയോഗിച്ചു. സംഭവത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മൂന്നാംവര്‍ഷ അറബിക്‌ വിദ്യാര്‍ഥി മുഹമ്മദിനെയും കോളജില്‍ പുതിയതായി പ്രവേശനം ലഭിച്ച ഫറൂഖിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്റെ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ അര്‍ജുന്റെ കരളിന്‌ ആഴത്തില്‍ കുത്തേറ്റതിനാല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെതന്നെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയ അര്‍ജുന്‍ ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്‌.