കൊച്ചി: മകളെ കാണാനെത്തിയതായിരുന്നു മനോഹരനും ഭാര്യ ഭൂപതിയും. മടങ്ങിയത് പ്രിയമകന്റെ ചേതനയറ്റ ശരീരവുമായി. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ മനോഹരനും ഭാര്യ ഭൂപതിയും ഇടുക്കി വട്ടവടയിൽ തോട്ടം തൊഴിലാളികളാണ്. കിഴക്കന്പലത്ത് കിറ്റക്സിൽ ജോലി ചെയ്യുന്ന മകൾ കൗത്സല്യയെ കാണാൻ കഴിഞ്ഞദിവസം എത്തിയ ഇരുവരും തിരിച്ചുപോയിരുന്നില്ല.
അതിനിടെയാണു മകന് അപകടം പറ്റിയെന്ന വാർത്ത കേൾക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഓടിയെത്തിയ ഇരുവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു പ്രിയ മകന്റെ വേർപാട്. സങ്കടം അടക്കാനാകാതെ വിലപിക്കുന്ന ഇരുവരെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളജിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ പ്രിയ മകന്റെ ദേഹത്ത് കെട്ടിപ്പിടിച്ചു വിലപിക്കുന്ന ഇരുവരും വിദ്യാർഥികൾക്കും അധ്യാപകർക്കും തീരാ നൊന്പരമായി.
“എൻ മകനെ… നാൻ പെറ്റ മകനെ’ എന്നുള്ള ഭൂപതിയുടെ നിലവിളി കോളജ് ഓഡിറ്റോറിയത്തിലെ നിശബ്ദതയെ ഭേദിച്ചു. സമീപം മൂകസാക്ഷിയായി കണ്ണീരൊഴുക്കി നിന്നിരുന്ന അഭിമന്യുവിന്റെ സഹോദരൻ പരിജിത്തും ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.
ഉള്ളുലയ്ക്കുന്ന ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവർക്ക് അഭിമന്യു. എപ്പോഴും ചിരിക്കുന്ന മുഖം. ശാന്തപ്രകൃതം. വളരെ ദരിദ്ര ചുറ്റുപാടിൽനിന്നാണ് വരുന്നതെങ്കിലും അതൊന്നും അഭിമന്യു ആരെയും അറിയിച്ചിരുന്നില്ല. സംഭവം നടക്കുന്ന രാത്രി നാട്ടിൽനിന്നു പച്ചക്കറിലോറിയിലാണ് അഭിമന്യു കോളജിലേക്ക് എത്തിയത്.
കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച റിഫ്രഷർ ക്യാന്പ് കഴിഞ്ഞശേഷം അതിന് ഉപയോഗിച്ച ഫ്ളെക്സ് താൻ എടുത്തോട്ടെ എന്നു ചോദിച്ചെത്തിയ അഭിമന്യുവിനെ അധ്യാപകർ ഓർക്കുന്നു. കോളജിൽ തനിക്ക് പുതയ്ക്കാൻ ഒന്നുമില്ലെന്നു പറഞ്ഞായിരുന്നു അഭിമന്യു ഫ്ളെക്സ് ചോദിച്ചത്. പഠിച്ച് അച്ഛനും അമ്മയ്ക്കും തണലാകണമെന്ന ആഗ്രഹമായിരുന്നു അഭിമന്യു എപ്പോഴും പങ്കുവച്ചിരുന്നതെന്നു കൂട്ടുകാർ പറയുന്നു.
“പെണ്ണേ എടി പെങ്കോച്ചേ നീ എന്നെ മറന്നില്ലേ’… എന്ന നാടൻ പാട്ട് അഭിമന്യു എപ്പോഴും പാടാറുണ്ടായിരുന്നു. കൂട്ടുകാരുടെ പലരുടെയും മൊബൈലുകളിൽ അഭിമന്യുവിന്റെ ഈ പാട്ടുകൾ സൂക്ഷിച്ചിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ടശേഷം സമൂഹമാധ്യമങ്ങളിലടക്കം ഈ പാട്ടുകൾ നൊന്പരക്കാറ്റായി പടർന്നു.
Leave a Reply