കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയയും പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടിനടുത്ത് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. മരണപ്പെട്ട സിയാദിന്റെ ഇരട്ട സഹോദരനും ബാക്ടീരയ ബാധിച്ച് ചികിത്സയിലാണ്. ഇരുവരും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശക്തമായ വയറിളക്കവും പനിയുമുണ്ടായതിനെ തുടര്‍ന്നാണ് സിയാദിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിക്കുകയായിരുന്നു. കുടലിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല. കുടല്‍ കരളുന്ന ബാക്ടീരിയ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പനിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഷിഗെല്ല ബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

രോഗം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവും. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യും വിദഗ്ദ്ധ ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന രോഗമാണിത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നാലുപേര്‍ക്കാണ് ഷിഗെല്ല ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ കോഴിക്കോടും രണ്ട് പേര്‍ തിരുവനന്തപുരത്തുമാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.