പത്തനംതിട്ട പെരുനാട്ടിൽ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്കാരം ഇന്ന് . രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് ചടങ്ങുകൾ . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്ക കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. അഭിരാമി മരിച്ച ദിവസം തന്നെ കുഴഞ്ഞു വീണ് മരിച്ച ബന്ധുവിന്റെ സംസ്കാരം ഉച്ചയ്ക്ക് ശേഷം നടത്തും.
തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് മതിയായ പരിചരണം ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്നും നഴ്സും അറ്റൻഡറുമടക്കം മോശമായാണ് പെരുമാറിയതെന്നും അഭിരാമിയുടെ അമ്മ പറയുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. നായ കടിച്ചിട്ട് വന്നതാണെന്ന് പറഞ്ഞിട്ടും മുറിവ് കഴുകി വൃത്തിയാക്കാൻ ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ലെന്നും അമ്മ രജനി പറയുന്നു.
അലക്കു സോപ്പ് കടയിൽ നിന്ന് വാങ്ങി നൽകിയപ്പോൾ ഡോക്ടർ നഴ്സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. എന്നാൽ, നഴ്സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.
ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ അവിടെനിന്നു വിട്ടയച്ചു. എന്നാൽ ഒന്നാം തീയതി വീണ്ടും പ്രശ്നങ്ങളുണ്ടായപ്പോൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ല. തിരികെ വീട്ടിലെത്തിയപ്പോൾ വഷളായി. പിറ്റേദിവസം വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോയി. അന്നാണ് കോട്ടയത്തേക്കു റഫർ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും അഭിരാമി തീർത്തും അവശയായിരുന്നു’. കടിയേറ്റ അന്നു തന്നെ ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്തിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നെന്ന് കോട്ടയത്തെ ഡോക്ടർമാർ പറഞ്ഞുവെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.
Leave a Reply