ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശി 13കാരിയായ അഭിരാമിയുടെ കുടുംബം. ചികിത്സിയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഡോക്ടറോ ജീവനക്കാരോ ആംബുലന്‍സ് ഡ്രൈവറോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
മുറിവ് വൃത്തിയാക്കാന്‍ സോപ്പ് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. മാതാപിതാക്കളെക്കൊണ്ട് മുറിവ് കഴുകിച്ചുവെന്നും പരാതിയില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് തെരുവ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും അഭിരാമി മരണപ്പെടുകയായിരുന്നു.
പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
Leave a Reply