കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം; നാട്ടുകാർ ആരോപിക്കുന്ന ദുരൂഹത വിരൽചൂണ്ടുന്നത് പ്രതിയിലേക്കോ ?

കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം; നാട്ടുകാർ ആരോപിക്കുന്ന ദുരൂഹത വിരൽചൂണ്ടുന്നത് പ്രതിയിലേക്കോ ?
July 16 12:28 2019 Print This Article

ഒന്നരവർഷം മുമ്പ് എറണാകുളത്തെ കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കഷണത്തോടു സാദൃശ്യമുള്ള കോൺക്രീറ്റ് തൂൺ കുമ്പളത്തുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും കുമ്പളത്തെ ദുരൂഹ മരണം വാർത്തകളിൽ നിറയുന്നത്.
മസ്ജിദ് റോഡിന് കിഴക്കു ഭാഗത്തെ ഒഴിഞ്ഞ പറമ്പിനോടു ചേർന്ന കായലോരത്തുള്ള തൂണിന്റെ പൊട്ടിയ ഭാഗത്തിനാണു ചാക്കിൽ കണ്ടെത്തിയ കഷണത്തോടു സാദൃശ്യമുള്ളതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ച മസ്ജിദ് റോഡിനു കിഴക്കുഭാഗത്തുള്ള തൂണിന് 25 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കഷണം അധികം പഴക്കമില്ലാത്തതാണെന്നും പൊലീസ് പറയുന്നു. കൊലപാതകക്കേസിൽ ഇത്തരം ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഫോറൻസിക് പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം. ഇതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു.

നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്ന് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ സംഭവവുമായി നേരത്തെ നടന്ന കൊലപാതകത്തിനു സമാനതകളുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിനു തുമ്പു കണ്ടെത്താൻ കഴിയാതിരുന്നതോടെ അന്വേഷണം ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു.

Image result for dead body in kochi

എന്നാൽ സംഭവത്തിൽ മയക്കു മരുന്നു സംഘങ്ങളുടെ ഇടപെടൽ സംശയിച്ചതോടെ ലഹരി കേസുകളിലെ പ്രതികളിലേയ്ക്ക് അന്വേഷണം നീട്ടുന്നതിനാണ് പൊലീസ് തീരുമാനം. യുവാവിന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് കണ്ടെത്താ‍ൻ പൊലീസിനു സാധിച്ചിട്ടില്ല. നേരത്തെ മയക്കുമരുന്നു സംഘത്തിന്റെ താവളമായിരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.
യുവാവ് കൊല്ലപ്പെട്ട് ഒന്നര വർഷമായിട്ടും യാതൊരു അന്വേഷണമോ കാണാതായതുമായി ബന്ധപ്പെട്ട കേസുകളൊ റിപ്പോർട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇതരസംസ്ഥാനത്തു നിന്നുള്ള ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പ്രദേശത്തുള്ള മൊബൈൽ ടവറുകളിൽ നിന്നുള്ള നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2017 നവംബർ എട്ടിനാണ് ഇവിടെ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി മുഖത്ത് ടേപ്പ് ഒട്ടിച്ച് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
26 വയസ് മുതൽ 30 വയസ് വരെയുള്ളയാളാണ് മരിച്ചത് എന്നാണ് അന്ന് ഫൊറൻസിക് വിദഗ്ധർ വിലയിരുത്തിയത്. മൃതദേഹം ഒഴുകി വന്നതാകാമെന്ന സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മൃതദേഹം വള്ളത്തിൽ കൊണ്ടുവന്ന് ഇവിടെ കെട്ടിത്താഴ്ത്തിയതാകാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തൽ. 30 പൊലീസുകാർ ഉൾപ്പെടുന്ന ഏഴു സംഘങ്ങൾ ഇതിനകം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles