ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്ന സാക്ഷത്കാരമെന്നോണം കുടുംബ പ്രേഷിതയായ വി. മദർ മറിയം ത്രേസ്സ്യയുടെ നാമധേയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ നാളെ ഷെഫീൽഡ് മിഷൻ യാഥാർഥ്യമാകും .ജൂൺ 29 ന് കൊടിയേറിയ തിരുനാളിന്റെ പ്രധാന ദിനവും മിഷൻ പ്രഖ്യാപനവും ഒരുമിക്കുന്ന പ്രത്യേക ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാകും. നിരവധി വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങിന് അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഷെഫീൽഡ് ഹാലം രൂപത ബിഷപ്പ് റാൽഫ് ഹെസ്കറ്റും എത്തിച്ചേരും .തലശ്ശേരി രൂപതാംഗമായ റവ. ഫാ. ജോസഫ് കിഴക്കരക്കാട്ടാണ് പുതിയ ഷെഫീൽഡ് മിഷന്റെ ആദ്യ ഡയറക്ടർ.
2021 ൽ ഷെഫീൽഡ് പ്രൊപോസ്ഡ് മിഷന്റെ ചുമതലയേറ്റുകൊണ്ട് നിയമിതനായ ഫാ. കിഴക്കരക്കാടിന്റെ നേതൃത്വത്തിലാണ് വി.മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമാകുന്നത്. ഞായറാഴ്ച്ച രണ്ടും മറ്റെല്ലാ ദിവസങ്ങളിലും സെന്റ്. തോമസ് മൂർ പള്ളിയിൽ ഷെഫീൽഡിൽ വി. കുർബാന നടക്കുന്നുവരുന്നു .കൂടാതെ എല്ലാ ഞായറാഴ്ച്ചയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.മാസത്തിലൊരു ഞായറാഴ്ച്ച ഷെഫീൽഡ് മിഷന്റെ കീഴിലുള്ള റോതെർഹാം , ബാൺസ്ലി , ഡോൺകാസ്റ്റർ , വർക്‌സോപ് എന്നിവിടങ്ങളിലും വി. കുർബാനയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.
2006 ൽ മാന്നാനം കെ ഇ കോളേജ് മുൻ പ്രിൻസിപ്പൽ റവ.ജോസഫ് കുഴിച്ചാലിൽ അച്ചനാണ് ഷെഫീൽഡിൽ ഏതാണ്ട് 2002 കാലം മുതൽ എത്തിച്ചേർന്ന ആദ്യകാല മലയാളികൾക്കായി വി. കുർബാനയാരംഭിച്ചത്. തുടർന്ന് ദീർഘകാലം ഫാ.ജോയ് ചേറാടിയിൽ MST , പാലാ രൂപതയിൽ നിന്നുമുള്ള ഫാ. ബിജു കുന്നക്കാട്ട് എന്നിവരും ഇടക്കാലങ്ങളിലായി ഫാ. വർഗീസ് പുത്തൻപുര . ഫാ. ജോസഫ് പൊന്നേത്ത് എന്നിവരും ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സേവനം ചെയ്തു.ലീഡ്സ് ഇടവക വികാരിയായിരിക്കെ തലശ്ശേരി അതി രൂപതയിൽ നിന്നുമുള്ള മാത്യു മുളയോലിലച്ചനാണ് ഷെഫീൽഡിൽ പ്രീസ്റ്റ് ഇൻചാർജ് എന്ന നിലയിൽ എറ്റവും കൂടുതൽ കാലം സേവനം ചെയ്തത്. പ്രശസ്‌ത ധ്യാനഗുരുകൂടിയായ ഡോൺബോസ്‌കോ സഭാംഗം ഫാ. സിറിൽ ജോൺ ഇടമന റോതെർഹാമിലും ദീർഘകാലം സേവനം ചെയ്തിരുന്നു.
ഷെഫീൽഡ് ഹാലം രൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. തോമസ് മടുക്കാമൂട്ടിൽ , ഫാ.സന്തോഷ് വാഴപ്പിള്ളി എന്നിവരുടെയും ഡോൺകാസ്റ്റർ വി ഫ്രാൻസിസ് ഡി സാലസ് കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിന്റെയും സ്തുത്യർഹമായ സേവനം അവരുടെ ഓരോരുത്തരുടെയും കാലയളവിലുടനീളം ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി ലഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു.ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ , ഫാ. ജോസ് പള്ളിയിൽ VC ,ഫാ. റോബിൻസൺ മെൽക്കിസ് , ഫാ. ബിജു ചിറ്റുപറമ്പൻ എന്നിവരും വിവിധ വേളകളിൽ ഷെഫീൽഡ് കമ്മ്യൂണിറ്റിക്കുവേണ്ടി സേവനം ചെയ്തവരാണ്.
2006 ൽ തന്നെ ഷെഫീൽഡിൽ കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിരുന്നു. ഡയറക്ടർ ഫാ. ജോം മാത്യു കിഴക്കരക്കാട്ട് ,നിലവിലെ കൈക്കാരന്മാരായ ജോർജ് ആന്റണി , ബിനോയി പള്ളിയാടിയിൽ, കമ്മിറ്റിയംഗങ്ങൾ , സൺഡേ സ്കൂൾ അധ്യാപകർ , മാതൃവേദി എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പി ആർ ഒ മാർട്ടിൻ ബാബു അറിയിച്ചു.
ആദ്യകാല മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയുമായ പാലത്തുപറമ്പിൽ മാണി തോമസും കുടുംബവുമാണ് വി. മദർ മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമായതിനുശേഷമുള്ള ആദ്യ തിരുനാളിന്റെ പ്രധാന പ്രസുദേന്തി.തിരുനാളിനൊരുക്കമായി ജൂൺ 29 ന് ഫാ ജോം മാത്യു കിഴക്കരക്കാട്ട് കൊടിയുയർത്തി . ഷെഫീൽഡിലെത്തിച്ചേർന്ന പള്ളോട്ടിൻ സഭാംഗം ഫാ . സെബിൻ തൈരംചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച്ച മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക വി കുർബാന നടന്നു. ശനിയാഴ്ച്ച വൈകിട്ട് ലാറ്റിൻ റീത്തിലുള്ള വി. കുർബാനയ്ക്ക് ഫാ.കലിസ്റ്റസ് എൻവോവി മുഖ്യ കാർമ്മികത്വം വഹിക്കും.
Leave a Reply