ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്ന രൂപതാ ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്റെയും പരിശീലനത്തിനും ആത്മീയ ഒരുക്കത്തിനുമായി സംഘടിപ്പിച്ചിരിക്കുന്ന രണ്ടാംഘട്ട റീജിയണല്‍ കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടക്കും. വൈകിട്ട് 5.30 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍, അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം (റോം) ദിവ്യബലിയര്‍പ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്യും.

പ്രസ്റ്റണ്‍ റീജിയണു കീഴിലുള്ള എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ഭാരവാഹികളായും വോളണ്ടിയേഴ്സായും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ദൈവവചന പഠനത്തിലും വിശ്വാസ സത്യങ്ങളിലും ആഴപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ കണ്‍വെന്‍ഷനില്‍ സംബന്ധിക്കാവുന്നതാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയന്‍ ഇന്‍ ചാര്‍ജ് റവ. ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു.
പള്ളിയുടെ അഡ്രസ്സ് : St. Alphonsa Cathedral, St. Ignatious Square, Preston PR1 1TT