ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി കുടുംബവുമായി യുകെയിലെത്തിയ അബിൻ മത്തായിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരുക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . 41 വയസ്സ് പ്രായമുള്ള അബിന് മൂന്ന് ദിവസം മുൻപാണ് അപകടം സംഭവിച്ചത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയിൽ മത്തായി ആണ് പിതാവ്.
ഒരു വർഷം മുൻപാണ് നേഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തിയത്. ഒരേ നേഴ്സിംഗ് ഹോമിൽ ഭാര്യ കെയററായും അബിൻ മെയിൻറനൻസ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ അബിൻ താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിൻ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
റയാനും റിയയുമാണ് മക്കൾ. അപകട വിവരമറിഞ്ഞ് അബിൻറെ സഹോദരൻ കാനഡയിൽ നിന്ന് എത്തിയിട്ടുണ്ട്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അബിൻ മാത്യുവിൻെറ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply